ആഹ്ലാദം അലയടിച്ച്‌ 
എസ്‌എഫ്‌ഐ വിക്ടറി ഡേ

എസ്എഫ്ഐ പ്രവർത്തകർ കൽപ്പറ്റയിൽ നടത്തിയ വിദ്യാർഥിറാലി


കൽപ്പറ്റ കലാലയങ്ങളിൽ നേടിയ ഉജ്വലവിജയത്തിന്റെ ആഹ്ലാദവുമായി എസ്‌എഫ്‌ഐയുടെ വിക്ടറി ഡേ.   വേട്ടയാടലുകളെയും കുപ്രചാരണങ്ങളെയും തള്ളി വിദ്യാർഥികൾ എസ്‌എഫ്‌ഐയെ  നെഞ്ചേറ്റിയതിന്റെ ആഹ്ലാദം അണപ്പെട്ടി.  ആയിരക്കണക്കിന്‌ വിദ്യാർഥികൾ അണിനിരന്ന വിദ്യാർഥി റാലി കൽപ്പറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു.  വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നുപ്രകടനം. കനറാ ബാങ്ക് പരിസരത്ത് നിന്ന്‌ ആരംഭിച്ച് റാലി നഗരം ചുറ്റി പൊതുസമ്മേളനവേദിയായ പുതിയ ബസ്‌ സ്‌റ്റാൻഡിൽ സമാപിച്ചു. പനമരം, മാനന്തവാടി, ബത്തേരി, മീനങ്ങാടി, പുൽപ്പള്ളി, വൈത്തിരി, കോട്ടത്തറ, കൽപ്പറ്റ ഏരിയകളുടെ ബാനറിന്‌ കീഴിൽ വിദ്യാർഥികൾ അണിനിരന്നു. പൊതുയോഗം എസ്എഫ് ഐ സംസ്ഥാന ജോയിന്റ്‌  സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജോയൽ ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം  പി സി പ്രണവ്, എൽദോസ് മത്തായി, സ്റ്റാലിൻ ജോഷി, എം എസ് ആദർശ്, അപർണ ഗൗരി, അശ്വിൻ ഹാഷ്മി, ഒ നിഖിൽ, കെ നിധിൻ, അഥീന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജിഷ്‌ണു ഷാജി സ്വാഗതവും  സംസ്ഥാന കമ്മറ്റി അംഗം സാന്ദ്ര രവീന്ദ്രൻ നന്ദിയും പറഞ്ഞു.  വിവിധ സർവകലാശാലകളിലെ തെരഞ്ഞെടുപ്പുകളിൽ ഉജ്വല വിജയമാണ് എസ്എഫ് ഐ നേടിയത്.  കണ്ണൂർ സർവകലാശാലക്ക് കീഴിൽ ജില്ലയിലുള്ള  അഞ്ച്‌ കോളേജുകൾ നാലിലും  കലിക്കറ്റ് സർവകലാശാലക്ക് കീഴിലെ 16ൽ 13 കോളേജുകളിലും എസ്‌എഫ്‌ഐയാണ്‌ യൂണിയൻ നേടിയത്‌. പൂക്കോട്‌ വെറ്ററിനറി സർവകലാശാല ക്യാമ്പസ്‌,  അമ്പലവയൽ കാർഷിക സർവകലാശാല ക്യാമ്പസ്‌,  ഐടിഐകൾ എന്നിവിടങ്ങളിൽ മിന്നംവിജയം നേടി. മാനന്തവാടി എൻജിനിയറിങ് കോളേജിലും നേട്ടമുണ്ടാക്കി.  ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക്‌ നടത്തിയ വിദ്യാർഥി മാർച്ചിന്റെ പേരിൽ വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫും നടത്തിയ കുപ്രചാരണങ്ങളെയെല്ലാം അതിജീവിച്ചാണ്‌ എസ്‌എഫ്‌ഐ ചരിത്രനേട്ടമുണ്ടാക്കിയത്.   Read on deshabhimani.com

Related News