ജില്ലയിൽ 37 ശതമാനം മഴക്കുറവ്



  കൽപ്പറ്റ മൺസൂൺ കാലം പാതി പിന്നിടുമ്പോഴും ജില്ലയിൽ 37 ശതമാനം മഴക്കുറവ്‌. ജൂലൈയിൽ മുൻവർഷങ്ങളേക്കാൾ മികച്ച മഴയാണ്‌ പെയ്‌തതെങ്കിലും ജൂൺ മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ  പ്രതീക്ഷിത മഴയേക്കാൾ സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ്‌ മഴ രേഖപ്പെടുത്തിയ ജില്ലകളിൽ ഒന്നാണ്‌ വയനാട്‌.      പാലക്കാട്‌ 39 ശതമാനവും  കണ്ണൂരിൽ 38 ശതമാനവും  കുറവുണ്ടായി. 1101 മില്ലീ മീറ്റർ മഴയാണ്‌ ഈ കാലയളവിൽ ജില്ലയിൽ പെയ്‌തത്‌. പ്രവചിക്കപ്പെട്ടത്‌ 1747.1 മില്ലീ മീറ്റർ മഴയും. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജൂലൈയിൽ ലഭിച്ച മഴയേക്കാൾ കൂടുതൽ മഴ ഇത്തവണ ലഭിച്ചു.  ജൂലൈ രണ്ടാം വാരത്തോടെ ശക്തിപ്പെട്ട മഴ 24 വരെ ശക്തമായി തുടർന്നു. ജൂണിൽ 402.2 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചതെങ്കിൽ ജൂലൈയിൽ 699.1 മില്ലീമീറ്റർ മഴ പെയ്‌തു. കഴിഞ്ഞ ഒരാഴ്‌ചയായി മഴ പിന്നോട്ടടിച്ചു.  കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 26 മില്ലീമീറ്റർ മഴയാണ്‌ ജില്ലയിൽ പെയ്‌തത്‌.  കനത്ത മഴ കാർഷിക മേഖലയ്‌ക്കാകെ   ഉണർവേകി. വലിയ നാശനഷ്‌ടങ്ങൾ ഇല്ലാതിരുന്നതും ജില്ലക്ക്‌ ആശ്വാസമായി. കഴിഞ്ഞ മൂന്നു വർഷമായി ആഗസ്‌തിൽ ജൂൺ, ജൂലൈ മാസങ്ങളേക്കാൾ മഴ ലഭിച്ചിരുന്നു.  ആഗസ്‌തിലെ മഴയിൽ  2018ലും  19ലും ഉണ്ടായ പ്രളയത്തിന്റെ ആശങ്കയും ജില്ലയ്‌ക്കുണ്ട്‌.  Read on deshabhimani.com

Related News