പഴവിപണി സജീവം



കൽപ്പറ്റ റംസാൻ മാസവും കനത്ത ചൂടും ജില്ലയിൽ പഴവിപണി സജീവമാക്കി. റംസാൻ ആദ്യവാരം പിന്നിടുമ്പോൾ വിപണിയിൽ പഴങ്ങളുടെ കച്ചവടം പൊടിപൊടിക്കുകയാണ്.  ചൂടുള്ള സമയമായതിനാലും നോമ്പ് കാലത്ത് പഴങ്ങൾക്ക് കൂടുതൽ വിപണി ലഭിക്കുന്നതിനാലും  കടകളിൽ പഴങ്ങൾ നിറഞ്ഞു. വേനൽ ശക്തിപ്രാപിച്ചതോടെ പഴവിപണി നേരത്തെത്തന്നെ ഉണർന്നിരുന്നു. റംസാനും വന്നതോടെ കൂടുതൽ സജീവമായി.  കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ വിലയും അൽപം കൂടി. തണ്ണിമത്തനും ഓറഞ്ചും മുന്തിരിയും മാങ്ങയുമാണ് വിപണിയിലെ പ്രിയങ്കരർ. സാധാരണ വലിയ തണ്ണിമത്തന് 20 മുതൽ 30 വരെയാണ് വില. മഞ്ഞനിറത്തിലും മറ്റുമുള്ള ചെറിയ പച്ചത്തണ്ണിമത്തന് 30 മുതൽ 40 രൂപ വരെയും. സീസണായതിനാൽ മുന്തിരിയുടെ വില വർധിച്ചിട്ടില്ല. മുന്തിരി- 80, കുരുവില്ലാത്ത മുന്തിരി- 120 മുതൽ 140 വരെ വിലയുണ്ട്. മാങ്ങ 100–-160, ഓറഞ്ച് 100, ആപ്പിൾ 200–-260, അനാർ 200, മുസംബി 80-–-120, ചെറുനാരങ്ങ 180, കൈതച്ചക്ക–- 80, സപ്പോട്ട– 80, നേന്ത്രപ്പഴം–- 50, ഷമാം– -80 എന്നിങ്ങനെയാണ് വില. ഓറഞ്ച്‌, കൈതച്ചക്ക, ചെറുനാരങ്ങ എന്നിവയ്‌ക്ക്‌ റെക്കോഡ്‌ വിലയാണ്‌.  ഇനങ്ങളുടെ വ്യത്യസ്തതയനുസരിച്ച് വിലയിൽ മാറ്റം വരും. കടകൾക്കുപുറമെ വഴിയോരങ്ങളിലും വാഹനങ്ങളിലും  കച്ചവടം തകൃതിയാണ്. മരച്ചോട്ടിലും താൽക്കാലിക ഷെഡിലുമൊക്കെയായി വിൽപ്പനക്കാർ സജീവം. വലിയ ഹൈപ്പർ മാർക്കറ്റുകളിൽ ഓഫർ കച്ചവടങ്ങളും നടത്തുന്നുണ്ട്. വ്രതകാലമായതിനാലും ചൂട് കൂടിയതിനാലും പഴവിപണി ഇത്തവണ ഉഷാറാണെന്ന് വ്യാപാരികൾ പറഞ്ഞു. Read on deshabhimani.com

Related News