ബത്തേരിയിൽ സ്വകാര്യ ബസ്‌ 
ജീവനക്കാരുടെ മിന്നൽ പണിമുടക്കം



ബത്തേരി ബത്തേരിയിൽ സ്വകാര്യ ബസ്‌ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്‌.  സമാന്തര സർവീസുമായി ബന്ധപ്പെട്ട്‌ ഓട്ടോറിക്ഷാ തൊഴിലാളികളും ബസ്‌ തൊഴിലാളികളും തമ്മിൽ നിലനിൽക്കുന്ന തർക്കം ശനിയാഴ്‌ച കൈയാങ്കളിയിൽ കലാശിച്ചു.  മർദനമേറ്റ്‌ ഇരുഭാഗത്തെയും രണ്ട്‌ തൊഴിലാളികൾ താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലായി.  സമാന്തര സർവീസിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ബസ്‌ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്‌.     ബത്തേരിയിൽനിന്നും കൽപ്പറ്റ, മാനന്തവാടി, വടുവഞ്ചാൽ, കല്ലൂർ, പുൽപ്പള്ളി, താളൂർ ഭാഗങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും രാവിലെ പത്തോടെ നിലച്ചു. ഇതിനിടെ രാവിലെ ഇരുവിഭാഗം തൊഴിലാളികളും ടൗണിൽ നടത്തിയ പ്രകടനത്തിനിടയിലും നേരിയ സംഘർഷമുണ്ടായി. പൊലീസ്‌ ഇടപെട്ടാണ്‌ സംഘർഷം ഒഴിവാക്കിയത്‌. വൈകിട്ട്‌ നഗരസഭാ ചെയർമാൻ ടി കെ രമേശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമാന്തര സർവീസിനെതിരെ നടപടിയെടുക്കാൻ ധാരണയായി. പൊലീസ്‌, ആർടിഎ അധികൃതരും ട്രേഡ്‌ യൂണിയൻ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News