വിത്തുകളിൽ ‘നൂറ്‌’ മേനിയുമായി യുവ കർഷകൻ

എം എസ്‌ സുനിൽകുമാർ


ബത്തേരി ജൈവ നെൽകൃഷിക്കൊപ്പം നൂറോളം നെൽവിത്തുകളുടെ ശേഖരവുമായി കർഷകൻ.  നെന്മേനി പഞ്ചായത്തിലെ ചീരാൽ കല്ലിങ്കര മാത്തൂർകുളങ്ങര എം എസ്‌ സുനിൽകുമാറാണ്‌ (45) അപൂർവയിനങ്ങൾ ഉൾപ്പെടെയുള്ള നെൽവിത്തുകളുടെ കാവലാളാവുന്നത്‌. നാട്ടിലെ പരമ്പരാഗത വിത്തുകൾക്ക്‌ പുറമെ ഇതര സംസ്ഥാനങ്ങളിലെ നെൽവിത്തുകൾവരെ സുനിൽകുമാറിന്റെ വീട്ടിലുണ്ട്‌. ഇതിൽ ഏറെയും ഔഷധ ഗുണമുള്ളതുമാണ്‌. കുടുംബസ്വത്തായുള്ള പത്തേക്കറിന്‌ പുറമെ ഇരുപതേക്കർ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന ഇദ്ദേഹവും കുടുംബവും രാസവളങ്ങളെ അകറ്റി ജൈവവളങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ജീവാമൃതവും കീടബാധ തടയാനായി വേപ്പിലയും ഗോമൂത്രവും പ്രയോഗിക്കുന്നു. കാലാവസ്ഥ അനുകൂലമാവുന്ന മുറയ്‌ക്ക്‌ മികച്ച വിളവ്‌ തന്നെ ലഭിക്കുന്നതായും സുനിൽകുമാർ സാക്ഷ്യപ്പെടുത്തുന്നു.  ഇതര സംസ്ഥാനങ്ങളിൽ നേരിട്ട്‌ പോയാണ്‌ വിത്തുകൾ കൊണ്ടുവരുന്നത്‌. പ്രമേഹത്തിന്‌ പ്രതിവിധിയായുള്ള മധുശാല (കർണാടക), കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി പൂജയ്‌ക്ക്‌ വഴിപാടായി മാത്രം നൽകുന്ന സരസ്വതി, പ്രോട്ടീൻ സമ്പുഷ്‌ടമായ രാമിലി (പഞ്ചാബ്‌), കിടപ്പുരോഗികൾക്ക്‌ ഓട്‌സിന്‌ പകരം കഞ്ഞിയായി നൽകാവുന്ന ഡാബർവാലി(പശ്ചിമ ബംഗാൾ), സുഗന്ധവും ഔഷധ മൂല്യവുവുമുള്ള കതിരായാൽ മിന്നാമിനുങ്ങിൻ കൂട്ടത്തെപ്പോലെ പ്രകാശിക്കുന്ന കറുത്ത ഇനങ്ങളായ കാലാബത്ത്‌, കാലാബത്തി (ഉത്തരാഖണ്ഡ്‌), കാത്സ്യക്കുറവിന്‌ ഉപയോഗിക്കുന്ന കരിക്‌ജബല, ആസാം ബ്ലാക്‌ (അസം), ഏറെ പ്രത്യേകതകളുള്ള തുളസിബോഗ്‌, മീശബത്ത (ആന്ധ്രപ്രദേശ്‌), ‌പച്ചവെള്ളത്തിലിട്ട്‌ അരമണിക്കൂർ കഴിഞ്ഞ്‌ കഞ്ഞിയാവുന്ന കോമൾബോറ(അസം), രണ്ടും മൂന്നും മണികളുള്ള ജുഗൽ (പശ്ചിമ ബംഗാൾ) കഞ്ഞി, പായസം എന്നിവയ്‌ക്ക്‌ മാത്രമുള്ളതും കിലോയ്‌ക്ക്‌ 2500 രൂപ വിലയുമുള്ള അംബെമൂരി(പശ്ചിമ ബംഗാൾ) തുടങ്ങിയ അരിയിനങ്ങളുടെ വിത്തുകൾക്കൊപ്പം തദ്ദേശ ഇനങ്ങളായ ഉമ, ജ്യോതി, ജീരകശാല, ഗന്ധകശാല, ആനക്കൊമ്പൻ, മുള്ളൻകൈമ, ഉരുളികൈമ, അടുക്കൻ, തൊണ്ടി, തൊണ്ണൂറാംതൊണ്ടി, മണ്ണുവെളിയൻ, കുട്ടിവെളിയൻ, വലിച്ചൂരി, പുന്നാടൻതൊണ്ടി, മല്ലികുറുവ, കല്ലടിയാരം, കതിര്‌ വന്നാൽ അതേദിവസം കൊയ്യാവുന്ന അന്നൂരി, ചെടയൻ വെളുമ്പാല തുടങ്ങിയ നെൽവിത്തുകളും അവയുടെ കൃഷിയുമുണ്ട്‌. സപ്ലൈകോ, ബ്രഹ്മഗിരി ഫാർമേഴ്‌സ്‌ സൊസൈറ്റി എന്നിവയ്‌ക്കാണ്‌ ഉൽപ്പാദിപ്പിക്കുന്ന നാടൻ ഇനങ്ങളുടെ നെല്ല്‌ നൽകുന്നത്‌. ആവശ്യക്കാർക്ക്‌ വിലയ്‌ക്കും അല്ലാതെയും വിത്തുകൾ നൽകുന്നുണ്ട്‌. സർക്കാർ ഏജൻസികളുടെ നല്ലതോതിലുള്ള സാമ്പത്തിക സഹായവും  കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളും കൃഷി വിജയകരമാക്കാൻ സഹായിച്ചതായും കൃഷി മന്ത്രി പി പ്രസാദ്‌, മുൻ മന്ത്രി വി എസ്‌ സുനിൽകുമാർ എന്നിവർ നേരിട്ട്‌ അഭിനന്ദിച്ചതായും സുനിൽകുമാർ പറഞ്ഞു. Read on deshabhimani.com

Related News