സഹികെട്ട്‌ വൈത്തിരിക്കാർ

വെെത്തിരിയിലെ തേയില തോട്ടത്തിൽ തമ്പടിച്ച കാട്ടാനകൾ


വൈത്തിരി വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി വൈത്തിരിക്കാർ. കൃഷിനാശത്തിനൊപ്പം മനുഷ്യർക്ക്‌ നേരെ ആക്രമണം വർധിച്ചിട്ടും പ്രതിരോധ നടപടികൾ ഇഴയുകയാണ്‌. പ്രതിരോധ നടപടി ആവശ്യപ്പെട്ട്‌ ശക്തമായ സമരത്തിനൊരുങ്ങുകയാണ്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്‌ഷൻ കൗൺസിൽ. പഞ്ചായത്തിലെ ചുണ്ടേൽ, ഒലിവ്‌മല, ചേലോട്‌, മുള്ളൻപാറ, ചാരിറ്റി, അറമല തുടങ്ങിയ പ്രദേശങ്ങളാണ്‌ കാട്ടാനകളുടെ വിഹാര കേന്ദ്രങ്ങൾ. ഒറ്റയ്‌ക്കും കൂട്ടമായും എത്തിയാണ്‌ ജനങ്ങൾക്ക്‌ ഭീതി പരത്തുന്നത്‌. വർഷങ്ങളായി ഇവിടെ കാട്ടാന ശല്യമുണ്ട്‌. അടുത്ത കാലംവരെ കൃഷിനാശമായിരുന്നു ഏറെയും. കമുക്‌, തെങ്ങ്‌, വാഴ തുടങ്ങിയ വിളകളാണ്‌ വ്യാപകമായി നശിച്ചത്‌. ഓരോ വർഷവും ലക്ഷങ്ങളുടെ നഷ്ടമാണ്‌ കർഷകർക്ക്‌ ഉണ്ടാവുന്നത്‌. നിലവിൽ മനുഷ്യർക്ക്‌ നേരെയും കാട്ടാനകളുടെ ആക്രമണമുണ്ട്‌. തെയിലക്കുന്നിലെ കുഞ്ഞിരാമൻ അത്ഭുതകരമായാണ്‌ ദിവസങ്ങൾക്കുമുമ്പ്‌ കാട്ടാനയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌. വീടിന്റ വരാന്തയിൽവച്ചായിരുന്നു ആക്രമണം. ഈ ഭാഗങ്ങളിൽ സ്ഥിരമായുള്ള ഒറ്റയാനാണ്‌ ഏറ്റവും അക്രമകാരി. ഈ ആനയെ പിടികൂടി കൊണ്ടുപോകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. പുലർച്ചെ ജോലിക്ക്‌ പോകുന്ന തൊഴിലാളികളും വിദ്യാർഥികളും ഭയത്തോടെയാണ്‌ പുറത്തിറങ്ങാറ്‌. ചേലോട്‌, വേങ്ങാക്കോട്ട്‌, തളിമല, വട്ടപ്പാറ എന്നിവിടങ്ങളിൽ സ്‌ത്രീ തൊഴിലാളികൾക്ക്‌ നേരെ ആക്രമണമുണ്ടായി.  കാട്ടാനകൾക്ക്‌ പുറമെ കടുവ, മാൻ എന്നിവയുടെ ശല്യവും വർധിച്ചിട്ടുണ്ട്‌.    Read on deshabhimani.com

Related News