ഗൺമാനെ ഗുണ്ടയാക്കി എംഎൽഎ



കൽപ്പറ്റ സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും അപേക്ഷ നൽകി ഗൺമാൻമാരെ സംഘടിപ്പിച്ച്‌ ടി സിദ്ദിഖ്‌ എംഎൽഎ.  ഭീഷണിയുണ്ടെന്ന്‌ വരുത്തിത്തീർത്ത്‌ ഗൺമാൻമാരെ നേടുകയും  അവരെ അക്രമങ്ങൾക്ക്‌ ഉപയോഗപ്പെടുത്തുകയുമാണെന്നാണ്  ആക്ഷേപം. കൽപ്പറ്റയിൽ പൊലീസിനെ ആക്രമിച്ചതിന്‌ ഗൺമാൻമാരിൽ ഒരാളായ കെ വി സ്‌മിബിനെ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ്‌ മേധാവി സസ്‌പെൻഡ്‌ ചെയ്‌തു. കൽപ്പറ്റയിൽ യുഡിഎഫ്‌ നടത്തിയ അക്രമണത്തിനിടയിലാണ്‌ സ്‌മിബിൻ പൊലീസിനെ ആക്രമിച്ചത്‌. പൊലീസുകാരന്റെ കോളറിന്‌ കുത്തപ്പിടിക്കുകയും അടിക്കുകയും ലാത്തി തട്ടിയെടുക്കുകയും ചെയ്‌തു.  സംസ്ഥാനത്തുതന്നെ ഇത്തരമൊരുസംഭവം ആദ്യമാണ്‌.  ഇത്‌ വലിയ വിവാദവുമായി. പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സസ്‌പെൻഷൻ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഗൺമാനെതിരെ കേസും എടുത്തു.     പൊലീസ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ എംഎൽഎയ്‌ക്ക്‌ ഒരുഭാഗത്തുനിന്നും ഭീഷണി ഉള്ളതായി പറയുന്നില്ല. എംഎൽഎ ആയശേഷം സ്‌പെഷ്യൽബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ പൊലീസ്‌ സംരക്ഷണയുടെ മേനി നടിക്കാൻ ഇല്ലാത്ത ഭീഷണി ഉണ്ടെന്ന്‌ വരുത്തി അപേക്ഷ നൽകി. ഇതു പ്രകാരമാണ്‌ രണ്ടു ഗൺമാൻമാരെ നിയോഗിക്കുന്നതെന്ന്‌ സർക്കാർ ഉത്തരവിലുണ്ട്‌. കോൺഗ്രസ്‌ അനുഭാവിയായ സ്‌മിബിനെ കൂടാതെ  കൽപ്പറ്റയിലെ കോൺഗ്രസ്‌ നേതാവിന്റെ മകനായ പി പി ഷെരീഫിനെയുമാണ്‌  എംഎൽഎ ആവശ്യപ്പെട്ട പ്രകാരം സർക്കാർ അനുവദിച്ചത്‌.  ഈ ഗൺമാൻമാരെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായാണ്‌ അദ്ദേഹം ഉപയോഗിക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ വ്യക്തമായി. എംഎൽഎയുടെ പേരിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്‌. എംഎൽഎയുടെ അനുവാദത്തോടെയാണ്‌ യുഡിഎഫ്‌ അക്രമത്തിൽ സ്‌മിബിൻ പങ്കെടുത്തതെന്നും ആക്ഷേപമുണ്ട്‌.  സി കെ ശശീന്ദ്രൻ സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ 2014ൽ മാവോയിസ്‌റ്റ്‌ ഭീഷണിയെ തുടർന്ന്‌ പൊലീസ്‌ സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. പടിഞ്ഞാറത്തറ  കരിങ്കണ്ണിക്കുന്ന് അടക്കമുള്ള ആദിവാസി മേഖലകളിൽ മാവോയിസ്‌റ്റുകൾ സ്ഥിരസന്ദർശനം നടത്തി. ഇതിനെതിരെ സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം നടത്തി. 
ഇതോടെയാണ്‌ മാവോയിസ്‌റ്റുകൾ ശശീന്ദ്രനെതിരെ പരസ്യമായി  ഭീഷണി ഉയർത്തിയത്‌. ഈ സുരക്ഷ ഇപ്പോഴും നിലവിലുണ്ട്‌. ഇതേ വർഷംതന്നെ ഐ സി ബാലകൃഷ്‌ണൻ എംഎൽഎക്കും ഗൺമാനെ അനുവദിച്ചിരുന്നു. ഇതു കണ്ടാണ്‌ സിദ്ദിഖും ഗൺമാനുവേണ്ടി അപേക്ഷ നൽകിയത്‌.   Read on deshabhimani.com

Related News