‘പിടിക്കു’ന്തോറും ലഹരി വർധിക്കുന്നു



കൽപ്പറ്റ ന്യൂജൻ ലഹരി വിൽപ്പനയടക്കം തടയാൻ  ജില്ലയിൽ എക്‌സൈസ്‌ വകുപ്പ്‌ സ്വീകരിക്കുന്നത്‌ ശക്തമായ നടപടികൾ.   ഒരുവർഷം രജിസ്റ്റർചെയ്തത് 1226 കേസുകൾ. വകുപ്പ്‌  മന്ത്രി എം വി ഗോവിന്ദൻ,  ഒ ആർ കേളു എംഎൽഎയുടെ ചോദ്യത്തിന്‌ നൽകിയ മറുപടിയിലാണ്‌ ഈ കണക്ക്‌ വെളിപ്പെടുത്തിയത്‌.  ലഹരി ഉപയോഗം കുറക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം എക്‌സൈസ് വകുപ്പ് ശക്തമാക്കിയതായും മന്ത്രി പറഞ്ഞു.   2021 ജൂൺ 21 മുതൽ 2022 ജൂൺ 22  വരെയുളള കണക്ക്‌ പ്രകാരം 970 അബ്‌കാരി കേസും 261 നാർക്കോട്ടിക് കേസുകളും എടുത്തിട്ടുണ്ട്‌.  3435 കൊട്‌പാ കേസുകളുമുണ്ട്‌. വിവിധ കേസുകളിലായി  25 വയസ്സിൽ  താഴെയുള്ള 144 പേർ  കേസിൽ ഉൾപ്പെട്ടിട്ടുണ്ട്‌. 60 വാഹനങ്ങളും എക്‌സൈസ്‌ പിടികൂടി.  ലഹരി ഉപയോഗം കുറക്കുന്നതിനായി ബോധവൽക്കരണം ഉൾപ്പെടെ വിവിധ പദ്ധതികൾ ജില്ലയിൽ പുരോഗമിക്കുന്നുണ്ട്‌.  ലഹരിവിമുക്തമാക്കുന്നതിനായി ഉണർവ് എന്ന പേരിൽ കായിക പരിശീലന പരിപാടി,  കോളേജ് ക്യാമ്പസുകളിൽ നേർക്കൂട്ടം, കോളേജ് ഹോസ്റ്റലുകളിൽ ശ്രദ്ധ എന്നിങ്ങനെ പദ്ധതികളുണ്ട്‌.  അതേസമയം ലഹരി  ഒഴുക്ക്‌ വർധിക്കുന്നത്‌ ജില്ലക്ക്‌ ആശങ്കയാണ്‌.  ഭൂരിഭാഗവും പിടിക്കപ്പെടുന്നുണ്ടെന്നതാണ്‌ ആശ്വാസം. എംഡിഎംഎ ഉൾപ്പെടെയുള്ള ന്യൂജൻ ലഹരി വിൽപ്പനയിൽ യുവാക്കളും കോളേജ്‌ വിദ്യാർഥികളും ഉൾപ്പെടുന്നതായി എക്‌സൈസ്‌ അധികൃതർ പറഞ്ഞു. ‌ 846 ഗ്രാം  എംഡിഎംഎ കഴിഞ്ഞ ഒരുവർഷത്തിൽ പിടികൂടി. എൽഎസ്‌ഡി സ്‌റ്റാമ്പ്‌,  ഇഞ്ചക്‌ഷനായി ഉപയോഗിക്കുന്ന എഫ്രിഡിൻ ആംപ്യൂൾ എന്നിവയും കൂടുതലായി എത്തുന്നുണ്ട്‌. ഈ മാസം ഒരു കേസിൽ മാത്രം 161 കിലോ കഞ്ചാവും ജില്ലയിൽനിന്ന്‌ പിടികൂടിയിരുന്നു.   കർണാടക, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങളിൽനിന്നാണ്‌ ലഹരി ഉൽപ്പന്നങ്ങൾ മറ്റു‌ ഭാഗങ്ങളിലേക്ക്‌ എത്തിക്കാനായി കൂടുതലായി ജില്ലയിലെത്തുന്നത്‌. Read on deshabhimani.com

Related News