കാപ്പിക്കുന്നില്‍ ഇനി ലഹരിപ്പുക ഉയരില്ല



മീനങ്ങാടി  സംസ്ഥാനത്തെ ആദ്യ പുകവലിരഹിത കോളനിയായി മീനങ്ങാടി പഞ്ചായത്തിലെ കാപ്പിക്കുന്ന് മാറും. കോളനിവാസികള്‍ പുകവലി ഉപേക്ഷിച്ച് പുകവലി രഹിത യജ്ഞത്തിൽ പങ്കാളികളായതോടെ പിറന്നത് പുതുചരിതം. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാപ്പിക്കുന്ന് കോളനിയിൽ നടന്നു. കലക്ടർ ഡോ. രേണുരാജ് കാപ്പിക്കുന്നിനെ പുകവലി രഹിത കോളനിയായി പ്രഖ്യാപിച്ചു. പുകയില ഉൽപ്പന്നങ്ങൾ പൂർണമായും ഉപേക്ഷിച്ച കോളനിവാസികളെയും ഊരുമൂപ്പൻ കെ കെ കുഞ്ഞിരാമനെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ അധ്യക്ഷനായി. ആരോഗ്യവകുപ്പ് തയ്യാറാക്കിയ പുകവലി രഹിത സ്റ്റിക്കർ എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ കെ എസ് ഷാജി പ്രകാശിപ്പിച്ചു. ഡിപിഎം ഡോ. സമീഹ സൈതലവി പുകയില രഹിത ദിനാചരണ സന്ദേശം നൽകി. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനൻ പദ്ധതി വിശദീകരിച്ചു. എഡിഎം എൻ ഐ ഷാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി നുസ്രത്ത്, പി‌ വാസുദേവൻ, എ പി ലൗസൺ,  സന്തോഷ്‌കുമാർ, ഡോ. ഷിജിൻ ജോൺ, ജില്ലാ ആർദ്രം നോഡൽ ഓഫീസർ പി എസ് സുഷമ, മീനങ്ങാടി മെഡിക്കൽ ഓഫീസർ ഡോ. കെ പി കുഞ്ഞിക്കണ്ണൻ, ഹംസ ഇസ്മാലി, കെ എം ഷാജി, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. പനമരം ഗവ. നഴ്‌സിങ് കോളേജിലെ വിദ്യാർഥികളുടെ ഫ്ലാഷ്‌ മോബ്, ഡോൺ ബോസ്‌കോ കോളേജിലെ വിദ്യാർഥികളുടെ സ്‌കിറ്റ് അവതരണം, കോളനിയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ, രാജീവ് മേമുണ്ടയുടെ മാജിക് ഷോ എന്നിവയും നടന്നു.   Read on deshabhimani.com

Related News