146 കിലോ നിരോധിത പ്ലാസ്റ്റിക് 
ഉല്‍പ്പന്നങ്ങള്‍ പിടികൂടി



കൽപ്പറ്റ മാലിന്യ സംസ്‌കരണ നിയമലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 146 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം തടയുന്നതിനായി രൂപീകരിച്ച പ്രത്യേക എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയിലാണ്  നിരോധിത പ്ലാസ്റ്റിക് പിടികൂടിയത്. വൈത്തിരി, വെള്ളമുണ്ട, മീനങ്ങാടി,  മാനന്തവാടി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലെ  കടകളിലും പൊതുയിടങ്ങളിലുമായിരുന്നു പരിശോധന.  പരിശോധനയിൽ ഇതുവരെ 50,000 രൂപ പിഴയീടാക്കി.  പരിശോധനാ സംഘം എംസിഎഫുകളും സന്ദർശിച്ചു. മാലിന്യം ശാസ്ത്രീയമായ രീതിയിൽ നീക്കംചെയ്യാനും ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകാനും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി. എംസിഎഫുകളിലെയും  മിനി എംസിഎഫുകളിലെയും മാലിന്യങ്ങൾ ശാസ്ത്രീയ രീതിയിൽ നീക്കംചെയ്ത് സുരക്ഷിതമാക്കാനും ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാനും നിർദേശിച്ചു. സർക്കാർ ഓഫീസുകളിലും സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.   Read on deshabhimani.com

Related News