കെട്ടിടം ഇല്ല; അങ്കണവാടി ഗോത്രകോളനിയിൽ



ബത്തേരി കാലപ്പഴക്കത്തിൽ ജീർണിച്ച അങ്കണവാടിക്ക്‌ പകരം കെട്ടിടം നിർമിക്കാതെ നൂൽപ്പുഴ പഞ്ചായത്ത്‌ ഭരണസമിതിയുടെ അവഗണന. കെട്ടിടമില്ലാത്തതിനാൽ അങ്കണവാടി പ്രവർത്തിക്കുന്നത്‌ ഗോത്രവർഗ കോളനിയിലെ കുടിലിനകത്ത്‌. നൂൽപ്പുഴ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ നെന്മേനിക്കുന്ന്‌ അങ്കണവാടിയാണ്‌ മാസങ്ങളായി കാക്കവയൽ ഗോത്രകോളനിയിലെ കുടിലിലെ മുറിയിൽ പ്രവർത്തിക്കുന്നത്‌. 14 കുട്ടികളും വർക്കറും ഹെൽപ്പറുമാണ്‌ അങ്കണവാടിയിലുള്ളത്‌.  നാൽപ്പതിലേറെ വർഷം പഴക്കമുള്ള കെട്ടിടത്തിലാണ്‌ മൂന്നുവർഷം മുമ്പുവരെ അങ്കണവാടി പ്രവർത്തിച്ചത്‌. കെട്ടിടം ഇടിഞ്ഞുവീഴാറായ അവസ്ഥയിൽ എത്തിയപ്പോൾ സമീപത്തെ ക്ലബ്ബിലേക്കും പിന്നീട്‌ കോളനിയിലേക്കും പ്രവർത്തനം മാറ്റുകയായിരുന്നു. അഞ്ചുവർഷംമുമ്പ്‌ ജില്ലാ പഞ്ചായത്ത്‌ അങ്കണവാടിക്ക്‌ ഫണ്ട്‌ അനുവദിച്ച്‌ പഞ്ചായത്തിലെ മുൻ അംഗവും കോൺഗ്രസ്‌ നേതാവുമായ വ്യക്തി കരാർ ഏറ്റെടുത്തിരുന്നു. എന്നാൽ, പണി നടത്താൻ തയ്യാറാകാതെ വന്നതോടെ ഫണ്ട്‌ ലാപ്‌സായി. പ്രദേശവാസികൾ നിരവധിതവണ അങ്കണവാടിക്ക്‌ ഫണ്ട്‌ അനുവദിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത്‌ ഭരണസമിതിയെ സമീപിച്ചെങ്കിലും ഭരണസമതി ആവശ്യം നിരാകരിക്കുകയായിരുന്നു.   Read on deshabhimani.com

Related News