ആദിവാസി യുവതിയെ മർദിച്ചവർക്കെതിരെ കർശന നടപടി വേണം: എകെഎസ്‌



കൽപ്പറ്റ കാപ്പി പറിക്കാനായി ആദിവാസി യുവതിയെ കുടകിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ ആദിവാസി ക്ഷേമ സമിതി(എകെഎസ്‌) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പനമരം പരക്കുനി കോളനിയിലെ സന്ധ്യ നേരിട്ട അതിക്രമം ഞെട്ടിക്കുന്നതാണ്‌.  ഷൂവിട്ട്‌  വയറ്റിൽ ചവിട്ടുകയും തലയ്‌ക്കടിക്കുകയും  ചെയ്‌തു. കേസിലെ പ്രതികളെ ഉടൻ അറസ്‌റ്റ്‌ ചെയ്യണം. ആദിവാസി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമ്പോഴും  ചില പൊലീസ്‌ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക്‌ അംഗീകരിക്കാനാവില്ല.   ആദിവാസികളെ തൊഴിലിനായി കൊണ്ടുപോകുന്ന മുതലാളിമാരുടെ മനോഭാവം പഴയ അടിമകാലത്തേത്‌ തന്നെയാണ്‌. തൊഴിലിടങ്ങളിൽ വലിയ ചൂഷണമാണ്‌ നേരിടുന്നത്‌. ഇത്‌ പുറംലോകത്തെ  അറിയിക്കാതെ സഹിച്ചുകഴിയുന്നവർ കൂടുതൽ ക്രൂരമായ അതിക്രമങ്ങൾക്ക്‌ ഇരകളാകുകയാണ്‌. കാപ്പി പറിക്കാനായി പെൺകുട്ടികളുൾപ്പെടെയുള്ളവരെ കുടകിലേക്ക്‌ കൊണ്ടുപോയത്‌ സംബന്ധിച്ചും അന്വേഷണം നടത്തണം.  സന്ധ്യക്കെതിരെയുള്ള അതിക്രമത്തിൽ കർശന നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും. പ്രതികളെ ഉദ്യോഗസ്ഥരാരെങ്കിലും സംരക്ഷിക്കുന്നുവെങ്കിൽ അവർക്കെതിരെയും നടപടി വേണമെന്ന്‌ എകെഎസ്‌ ജില്ലാ സെക്രട്ടറി എ എൻ പ്രസാദും പ്രസിഡന്റ്‌ പി വിശ്വനാഥനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News