സമൂഹ അടുക്കളകൾക്ക് കുടുംബശ്രീവഴി മാസം 600 കിലോ അരി



തൃശൂർ കുടുംബശ്രീവഴി പ്രതിമാസം 600 കിലോ അരി കമ്യൂണിറ്റി കിച്ചനുകളിലേക്ക്‌ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ജില്ലാ -കോ–-ഓർഡിനേറ്ററിൽനിന്ന്‌ 70 എസ്റ്റാബ്ലിഷ്‌മെന്റ്‌ പെർമിറ്റുകൾ അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.   കലക്ടറുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ കോട്ടപ്പുറം മാർക്കറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പൊതുവിതരണ വകുപ്പ് സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തി.  ചാലക്കുടി താലൂക്കിലെ രണ്ട് കടകളിൽനിന്നും മുകുന്ദപുരം താലൂക്കിലെ വെള്ളാങ്കല്ലൂർ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിൽ നിന്നും അമിതവില ഈടാക്കിയതിനെത്തുടർന്ന് സാധനങ്ങൾ കണ്ടുകെട്ടി.  വിവിധ താലൂക്കുകളിൽ പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ 10 വ്യാപാരസ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. പലചരക്ക്,  പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിലായി 84 സ്ഥാപനങ്ങളിലാണ് പൊതുവിതരണ വകുപ്പ് പരിശോധന നടത്തിയത്.  പലചരക്ക് വിഭാഗത്തിൽ 46 കടകളിലും പച്ചക്കറി വിഭാഗത്തിൽ 38 കടകളിലുമാണ് പരിശോധന നടന്നത്. ഇതിൽ തൃശൂർ താലൂക്കിൽ രണ്ടും തലപ്പിള്ളി താലൂക്കിൽ അഞ്ചും ചാലക്കുടി താലൂക്കിൽ രണ്ടും മുകുന്ദപുരം താലൂക്കിൽ ഒരു സ്ഥാപനത്തിലുമായാണ് ക്രമക്കേട് കണ്ടെത്തിയത്. പലചരക്ക് വിഭാഗത്തിൽ തൃശൂർ -10, തലപ്പിള്ളി- 20, ചാവക്കാട് -5,  മുകുന്ദപുരം- 6,  ചാലക്കുടി- 2,  കൊടുങ്ങല്ലൂർ -3 എന്നിങ്ങനെയും പച്ചക്കറി വിഭാഗത്തിൽ തൃശൂർ -10, തലപ്പിള്ളി -8, ചാവക്കാട്- 1, മുകുന്ദപുരം -6, ചാലക്കുടി -2, കൊടുങ്ങല്ലൂർ -11 എന്നിങ്ങനെയുമാണ് പരിശോധന നടത്തിയത്‌. Read on deshabhimani.com

Related News