ദക്ഷിണേന്ത്യൻ ശാസ്‌ത്രോത്സവം ഇന്ന്‌ സമാപിക്കും



തൃശൂർ ശാസ്‌ത്ര–- വിജ്ഞാനച്ചെപ്പു തുറന്ന ദക്ഷിണേന്ത്യൻ ശാസ്‌ത്രോത്സവം  ചൊവ്വാഴ്‌ച സമാപിക്കും. അഞ്ചുനാളായി സാംസ്‌കാരിക നഗരിയിൽ തുടരുന്ന ശാസ്‌ത്രമേള  കുട്ടി ഗവേഷകരുടെ പുത്തൻ കണ്ടെത്തലുകളുടെ പ്രദർശനവേദിയായി മാറി. കേരളം, തമിഴ്‌നാട്‌, കർണാടകം, ആന്ധ്ര, പോണ്ടിച്ചേരി, തെലുങ്കാന  എന്നീ സംസ്ഥാനങ്ങളിൽ നിന്ന്‌ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ അഞ്ഞൂറിൽപ്പരംപേർ പങ്കാളികളായി.  നാഷണൽ കൗൺസിൽ ഓഫ്‌ സയൻസ്‌ മ്യൂസിയത്തിന്റെ  നിയന്ത്രണത്തിലുള്ള ബംഗ്ലുരുവിലെ വിശ്വേശരയ്യ ഇൻഡസ്‌ട്രിയൽ ആൻഡ്‌ ടെക്‌നോളജിക്കൽ മ്യുസിയവും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി തൃശൂർ കാൽഡിയൻ ഹയർസെക്കൻഡറി സ്‌കൂളിലാണ്‌ മേള സംഘടിപ്പിച്ചത്‌.  സംസ്ഥാന ശാസ്‌ത്ര മേളകളിൽ ഉയർന്ന ഗ്രേഡ്‌ ലഭിച്ച 8, 9, 10 ക്ലാസുകളിലെ കുട്ടികളാണ്‌ പങ്കെടുത്തത്‌. വിജയികൾക്ക്‌ സർട്ടിഫിക്കറ്റും ക്യാഷ്‌പ്രൈസും ട്രോഫിയും സമ്മാനിക്കും. അഞ്ചു സംസ്ഥാനങ്ങളിൽ നിന്നും വന്നെത്തിയവർക്ക്‌ അനുയോജ്യമായ ഭക്ഷണവും  താമസ സൗകര്യവും സംഘാടകർ ഒരുക്കിയിരുന്നു. ദിവസവും കലാപരിപാടികളും അവതരിപ്പിച്ചു. സമാപനസമ്മേളനം ചൊവ്വ പകൽ മുന്നിന്‌   കാൽഡിയൻ ഹയർസെക്കൻഡറി സ്‌കൂളിൽ റവന്യൂ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാവും. Read on deshabhimani.com

Related News