കുങ്കിയാനകൾ കാട് കയറ്റിയ 
കാട്ടാനകൾ വീണ്ടുമെത്തി



പാലപ്പിള്ളി  കുങ്കിയാനകൾ കാടുകയറ്റിയ കാട്ടാനകൾ വീണ്ടുമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. നടാമ്പാടം, കവരംപിള്ളി, പാത്തിക്കിരിച്ചിറ എന്നിവിടങ്ങളിലാണ് തുടർച്ചയായി രണ്ടാം ദിവസവും കാട്ടാനകളിറങ്ങി കൃഷി നാശം വരുത്തിയത്.  നടാമ്പാടത്ത് ഇറങ്ങിയ ഒറ്റയാൻ വീട്ടുപറമ്പിലെ കൃഷികൾ നശിപ്പിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്. പാത്തിക്കിരിച്ചിറ ഭാഗത്ത് ആനകൾ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കുങ്കിയാനകളെ കൊണ്ടുവന്ന് കാട്ടാനകളെ തുരത്തിയ കള്ളായി തേക്ക് തോട്ടത്തിന് സമീപത്തുള്ള പ്രദേശത്താണ് ഒറ്റയാൻ ഇറങ്ങി നാശം വിതച്ചത്.  ഒരു മാസത്തോളമായി കാട്ടാന ശല്യം ഒഴിഞ്ഞുനിൽക്കുകയായിരുന്നു.  കുങ്കിയാനകൾ തുരത്തിയ ഒറ്റയാനാണ് വീണ്ടും എത്തിയതെന്നും ആന കൂടുതൽ അക്രമ സ്വഭാവം കാണിക്കുന്നതായും നാട്ടുകാർ പറയുന്നു. കുങ്കിയാന ദൗത്യസംഘത്തിലെ ആർആർടി വാച്ചർ ഹുസൈനെ ആക്രമിച്ച് കൊലപ്പെടുത്തിയ ഒറ്റയാൻ തന്നെയാണ് വീണ്ടും ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നതെന്നാണ് മലയോര സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നത്.  വനാതിർത്തിയിൽ സോളർ വേലി സ്ഥാപിച്ച് കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിലേക്കിറങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് മലയോര കർഷക സംരക്ഷണ സമിതി  കഴിഞ്ഞ ദിവസം  പരാതി നൽകിയിരുന്നു . Read on deshabhimani.com

Related News