കാലവർഷം കനിയാൻ ഇനിയും കാത്തിരിക്കണം



തൃശൂർ കാലവർഷം കനിയാൻ ഇനിയും  കാത്തിരിക്കണമെന്ന്‌ കാലാവസ്ഥാ നിരീക്ഷണവിഭാഗം.  കഴിഞ്ഞ വർഷം കാലവർഷം മെയ്‌ 29ന്‌ തുടങ്ങിയപ്പോൾ, ഇക്കുറി  ജൂൺ നാലിനുശേഷമേ   എത്തുകയുള്ളൂ.   ജില്ലയിൽ കാലവർഷത്തിനു മുന്നേ ലഭിക്കേണ്ട വേനൽമഴയിൽ 52 ശതമാനം കുറവാണ്‌ രേഖപ്പെടുത്തിയത്‌. ഇതോടെ കടുത്ത ചൂട്‌ ഉയരുകയും ഡാമുകളിൽ ജലനിരപ്പ്‌ കുത്തനെ താഴുകയും ചെയ്‌തു.  ആഗോളതലത്തിൽ കാലാവസ്ഥയിലുണ്ടായിട്ടുള്ള മാറ്റമാണ്‌ കേരളത്തിലും പ്രതിഫലിക്കുന്നത്‌. കാറ്റിന്റെ ഗതിയിലും മാറ്റമുണ്ട്‌. മൺസൂൺ ആന്തമാൻ പ്രദേശങ്ങളിൽ എത്തിനിൽക്കുകയാണ്‌. വടക്കോട്ട്‌ നീങ്ങി, ബംഗാളിലെത്തി ശ്രീലങ്കവഴിവേണം കേരളത്തിൽ മഴയെത്താൻ. അതിന്‌ ഇനിയും കാത്തിരിക്കണം. ജൂൺ ഒന്നുമുതൽ സെപ്‌തംബർ 30വരെയുള്ള കാലവർഷത്തിൽ, സംസ്ഥാനത്ത്‌ ഒരു വർഷം ലഭിക്കേണ്ട മഴയുടെ 68 ശതമാനം  ലഭിക്കണം. ബാക്കി മഴ തുലാവർഷത്തിലും വേനൽമഴയിലുമാണ്‌ ലഭിക്കേണ്ടത്‌.   വേനൽമഴയിൽ കാര്യമായ കുറവുവന്നതിനു പിന്നാലെ കാലവർഷം വൈകുന്നതും കാലാവസ്ഥാ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കയാണ്‌. ചെറിയ തോതിൽ ഇടമഴ ലഭിക്കുന്നതിനാൽ നിലവിൽ വരൾച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിലും  കാലവർഷം നീളുന്നത്‌ സ്ഥിതി രൂക്ഷമാക്കും. ഡാമുകളിലും ജലനിരപ്പ്‌ വല്ലാതെ താഴ്‌ന്നിരിക്കയാണ്‌.  മാർച്ച്‌ ഒന്നുമുതൽ മെയ്‌ 29വരെ 354.60 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌, 148 മില്ലീ മീറ്റർ മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. തൃശൂർ അടക്കമുള്ള എട്ടു ജില്ലകളിൽ മഴക്കുറവാണ്‌ രേഖപ്പെടുത്തിയത്‌. കണ്ണൂർ (61 ശതമാനം), കാസർകോട്‌ (67 ശതമാനം) ജില്ലകളിൽ കടുത്ത മഴക്കുറവുണ്ടായി. കൊല്ലം, കോട്ടയം, പത്തനംതിട്ട, വയനാട്‌ ജില്ലകളിൽ മാത്രമാണ്‌ വേനൽമഴ സാധാരണ നിലയിൽ ലഭിച്ചത്‌. Read on deshabhimani.com

Related News