തേക്കിൻകാട്‌ മൈതാനം 
സൗന്ദര്യവൽക്കരിക്കും



തൃശൂർ  ക്ഷേത്രങ്ങളുടേയും അനുബന്ധ കെട്ടിടങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും നവീകരണത്തിന്‌ - ഊന്നൽ നൽകുന്ന ബജറ്റ്‌ കൊച്ചിൻ ദേവസ്വം ബോർഡ്‌ പാസാക്കിയതായി  പ്രസിഡന്റ് ഡോ. എം കെ സുദർശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 265.99കോടി രൂപ വരവും 259.83 കോടിയുടെ ചെലവും 6.15 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ ക്ഷേത്രങ്ങളുടേയും അനുബന്ധ കെട്ടിടങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും നവീകരണത്തിന്‌ - 20 കോടി വകയിരുത്തി.  തേക്കിൻകാട്‌ മൈതാനത്തിന്റെ സമ്പൂർണ സൗന്ദര്യവൽക്കരണം  സർക്കാർ സഹായത്തോടെയും സ്‌പോൺസർഷിപ്‌ മുഖേനയും നടത്തും.  തൃശൂർ ആസ്ഥാനമായി പ്രസാദം വിശപ്പുരഹിത പദ്ധതി പുനരാരംഭിക്കും.  തൃശൂർ വടക്കേ സ്റ്റാൻഡിലെ അശോകേശ്വരം ക്ഷേത്രത്തിനു സമീപം  ഷോപ്പിങ്‌ കോംപ്ലക്സിനും സ്വരാജ്‌ റൗണ്ടിലെ കൈലാസം കോംപ്ലക്സിന്റെ രണ്ടാംഘട്ട നിർമാണത്തിനുമായി - ആറുകോടി  വകയിരുത്തി. ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിലും ഓഫീസുകളിലും കംപ്യൂട്ടറൈസേഷൻ, ഇ ഫയലിങ്‌ സംവിധാനം എർപ്പെടുത്തും.  എല്ലാ ക്ഷേത്രങ്ങളിലും  പൂജാ പുഷ്പോദ്യാനം പദ്ധതിയും ഹരിതക്ഷേത്രം പദ്ധതിയും തുടരും. ചിറ്റൂർ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഷോപ്പിങ്‌ കോംപ്ലക്സ് പദ്ധതിക്ക്‌- 60 ലക്ഷവും ചോറ്റാനിക്കര സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് -50 ലക്ഷവും വകയിരുത്തി. പിൽഗ്രിം ടൂറിസം പദ്ധതിയുടെ ഭാഗമായി വടക്കുന്നാഥൻ, - തൃപ്രയാർ-, കൊടുങ്ങല്ലൂർ,- ചോറ്റാനിക്കര ഉൾപ്പെടുത്തി  ക്ഷേത്ര ദർശനത്തിന്‌  സൗകര്യം ഒരുക്കും.  പെരുവൻമല പദ്ധതി, ഹെറിറ്റേജ് ടൂറിസം പാക്കേജിലുൾപ്പെടുത്തി സർക്കാർ സഹായത്തോടെ നടപ്പാക്കും.  ചിറങ്ങര ക്ഷേത്രം ശബരിമല ഇടത്താവളം പദ്ധതി കിഫ്ബി സഹായത്തോടെ  പൂർത്തീകരിക്കും. വാർത്താ സമ്മേളനത്തിൽ  ദേവസ്വം ബോർഡ് മെമ്പർമാരായ എം ബി മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറി പി ഡി ശോഭന, ഫിനാൻസ്‌ ഓഫീസർ പി വിമല എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News