നഷ്‌ടപരിഹാരവും 
ചെലവും നൽകാൻ വിധി



തൃശൂർ കോവിഡ്‌ രക്ഷക് പോളിസി പ്രകാരം സമർപ്പിച്ച ക്ലയിം നിഷേധിച്ചതിന്‌ പരാതിക്കാരിക്ക്‌ അനുകൂല വിധി. വിയ്യൂർ പൂവത്തിങ്കൽ വീട്ടിൽ ഡയാന ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഇഫ്‌കോ ടോക്കിയോ ജനറൽ ഇൻഷൂറൻസ് കമ്പനി മാനേജരോട്‌ 2.50 ലക്ഷം രൂപയും ക്ലെയിം തീയതി മുതൽ ഒമ്പതു ശതമാനം പലിശയും 5000 രൂപ നഷ്ടപരിഹാരവും  ചെലവിലേക്ക് 2500 രൂപയും നൽകാൻ കോടതി വിധിയായത്‌.  ഡയാന ഡേവിസ് 2021 ഏപ്രിൽ 29 മുതൽ മെയ് അഞ്ചുവരെ കോവിഡ്‌ ബാധിച്ച് തൃശൂർ അമല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോളിസി പ്രകാരം രണ്ടര ലക്ഷം രൂപ ലഭിക്കാൻ ഡയാനയ്ക്ക് അർഹതയുണ്ടായിരുന്നു. ക്ലയിം സമർപ്പിച്ചെങ്കിലും അനുവദിച്ചില്ല. ആശുപത്രി ചികിത്സ അനിവാര്യമായിരുന്നില്ലെന്നും  ഹോം ക്വാറന്റൈൻ മതിയായിരുന്നുവെന്നും പറഞ്ഞായിരുന്നു ക്ലെയിം നിഷേധിച്ചത്‌.  തെളിവുകൾ പരിഗണിച്ച പ്രസിഡന്റ്‌ സി ടി സാബു, അം​ഗങ്ങളായ എസ്‌ ശ്രീജ, ആർ റാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണ്‌ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്‌. ഹർജിക്കാരിക്കുവേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി. Read on deshabhimani.com

Related News