സ്ത്രീകൾക്ക്‌ സഹായവുമായി 
‘കാതോര്‍ത്ത്'



തൃശൂർ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ  കൈത്താങ്ങായി ‘കാതോർത്ത്' പദ്ധതി.   കൗൺസലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ ലഭ്യമാക്കുന്നതിന് ഓൺലൈൻ കൺസൾട്ടേഷൻ നൽകുന്ന പദ്ധതിയാണിത്‌. ഇതിനകം 68   പേർക്ക്‌ പദ്ധതിയുടെ ഗുണം ലഭിച്ചു.  49 പേർക്ക് ഫാമിലി
കൗൺസലിങും 29 പേർക്ക് നിയമസഹായവും മൂന്ന്  ഗുണഭോക്താക്കൾക്ക് പൊലീസ് സഹായവും ലഭ്യമായി.   മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി 2021 ഫെബ്രുവരിയിലാണ് കാതോര്‍ത്ത്   ആരംഭിച്ചത്. കൗണ്‍സലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിങ്ങനെ മൂന്ന് തരത്തില്‍ സഹായം ആവശ്യപ്പെടാം. അതത് വിഭാഗത്തിലെ കൺസല്‍ട്ടന്റുമാര്‍ ഓണ്‍ലൈന്‍ അപ്പോയ്‌മെന്റിലൂടെ പരാതിക്കാരിക്ക് മഹിളാ ശക്തികേന്ദ്രം വഴി സേവനം ലഭ്യമാക്കും.   കേരളത്തിലെ താമസക്കാരായ സ്ത്രീകള്‍ക്ക്  ഈ സേവനം സൗജന്യമായി ലഭിക്കും.  പ്രഗത്ഭരായ നിയമ വിദഗ്ധരും പൊലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും പാനലില്‍ ഉള്‍പ്പെടുന്നു.  സ്ത്രീകള്‍ക്ക് യാത്രാ ക്ലേശം, സമയനഷ്ടം എന്നിവ ഒഴിവാക്കുന്നതോടൊപ്പം അടിയന്തര പരിഹാരം ലഭ്യമാക്കാനുമാകും.   ജില്ലാതലത്തില്‍ ഡിസ്ട്രിക്ട്‌ ലെവല്‍ സെന്റര്‍ ഫോര്‍ വുമണ്‍ രൂപീകരിച്ചിട്ടുണ്ട്.  പൊലീസ് സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ വുമണ്‍ സെല്ലിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 9400077113 എന്ന വാട്ട്സ് അപ്പ് നമ്പറിലുംwww.kathorthu.wcd.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ നടക്കുമ്പോള്‍ തന്നെ എസ്എംഎസും ഇ-മെയില്‍ അറിയിപ്പും ലഭിക്കും. 48 മണിക്കൂറിനുള്ളില്‍ തന്നെ വീഡിയോ കോണ്‍ഫറന്‍സ് സമയം അനുവദിച്ചുള്ള എസ്എംഎസ് അപ്ഡേറ്റുകളും കിട്ടും. വീഡിയോ കണ്‍സല്‍ട്ടേഷന്‍ ആയതിനാല്‍ സൂം പോലുള്ള സുരക്ഷിതമായ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ വഴിയാണ് സേവനം ലഭ്യമാക്കുക.  സ്ത്രീകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ വകുപ്പിന്റെ പാനലിലുള്ള ലീഗല്‍ ആൻഡ്‌ സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, പൊലീസ് എന്നിവരുമായി മാത്രമേ പങ്കിടൂ.   Read on deshabhimani.com

Related News