മുഴുവൻ വീടുകളിലും 
കുടിവെള്ളമെത്തും



 കൊടുങ്ങല്ലൂർ  പ്രദേശത്തെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാനൊരുങ്ങി കൊടുങ്ങല്ലൂർ നഗരസഭ.  കുടിവെള്ള വിതരണം കാര്യക്ഷമമാക്കുവാൻ  ആവിഷ്‌കരിച്ച  പദ്ധതിയുടെ വിശദറിപ്പോർട്ട്‌ നഗരസഭാ  കൗൺസിൽ അംഗീകരിച്ചു. പുല്ലൂറ്റ് നാരായണമംഗലത്തുള്ള ടാങ്കിൽനിന്ന്‌ പുല്ലൂറ്റ്, ലോകമലേശ്വരം വില്ലേജുകളിലേക്ക്‌ കുടിവെള്ളമെത്തിക്കുന്നതിന്‌ 28,000 മീറ്റർ പൈപ്പ് ഇടുന്നതിനും ഒരു പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിക്ക് സാമ്പത്തിക അംഗീകാരം ലഭിച്ചിട്ടുണ്ട്‌.  ആദ്യഘട്ടത്തിൽ 1700 പുതിയ ഗാർഹിക കണക്ഷൻ നൽകും.  രണ്ടുവില്ലേജുകളിലായി 9000 വീടുകൾക്കാണ് ഇനി  കണക്‌ഷൻ ലഭിക്കാനുള്ളത്. 1984 ൽ സ്ഥാപിച്ച പഴയ പൈപ്പുകൾ പൊട്ടിപ്പോകുന്നതിനാൽ പുതിയവ  സ്ഥാപിക്കും. പുതിയ പമ്പ് സെറ്റും സ്ഥാപിക്കും.  വി ആർ  സുനിൽകുമാർ എംഎൽഎയുടെ നിർദേശപ്രകാരം വൈന്തലയിൽ ഒരു പുതിയ പ്ലാന്റും ടാങ്കും ഒരുപമ്പ് സെറ്റും സ്ഥാപിക്കുന്നതിന് 75 കോടി രൂപയുടെ പ്രോജക്ട്‌ സർക്കാരിന്‌ സമർപ്പിച്ചിട്ടുണ്ട്. കൗൺസിലിൽ ചെയർപേഴ്സൺ എം യു ഷിനിജ അധ്യക്ഷയായി.  ആലോചനായോഗത്തിൽ വൈസ് ചെയർമാൻ കെ ആർ  ജൈത്രൻ അധ്യക്ഷനായി. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, നഗരസഭാ സെക്രട്ടറി കെ സനിൽ, അമൃത് പ്രോജക്ട്‌ ഉദ്യോഗസ്ഥരായ  കെ എൻ മാധവ്, ടി വി  നന്ദകുമാർ, വാട്ടർ അതോറിറ്റി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ വിജു മോഹൻ , അസി.എൻജിനിയർ പ്രജിത, നഗരസഭാ എൻജിനിയർ കെ.ബിന്ദു എന്നിവർ സംസാരിച്ചു.  അമൃത് പദ്ധതി പ്രകാരം നടപ്പാക്കുന്ന 14.18 കോടി രൂപ അടങ്കലുള്ള പ്രോജക്ടിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും വിഹിതം ഉൾപ്പെടും. Read on deshabhimani.com

Related News