വലിച്ചെറിയാൻ നിൽക്കണ്ട, പിടിവീഴും...

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിക്കുന്നു


തൃശൂർ വീടുകളിലും സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ തെരുവിലേക്ക്‌ വലിച്ചെറിഞ്ഞാൽ, എറിഞ്ഞവൻ കുടുങ്ങും. സംസ്ഥാന സർക്കാരിന്റെ ‘വലിച്ചെറിയൽമുക്ത കേരളം’ ക്യാമ്പയിന്റെ ഭാഗമായാണ്‌ പുതിയ നിരീക്ഷണ സംവിധാനം വരുന്നത്‌. ഇതിന്റെ ഭാഗമായി മണ്ണുത്തി ദേശീയപാത ക്യാമറ നിരീക്ഷണത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുഞ്ഞനംപാറമുതൽ വാണിയംപാറവരെയുള്ള ദേശീയപാതയിലാണ് ഉടൻ ക്യാമറകൾ മിഴി തുറക്കുക. മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ ഇതിന് ആവശ്യമായ സൗകര്യം ഒരുക്കും. ക്യാമറ സ്ഥാപിക്കുന്നതോടെ മാലിന്യങ്ങൾ പൊതുഇടങ്ങളിൽ വലിച്ചെറിയുന്നവരെയും നിയമം ലംഘിക്കുന്നവരെയും കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടമായാണ് വലിച്ചെറിയൽ മുക്ത ക്യാമ്പയിന് റിപ്പബ്ലിക് ദിനത്തിൽ തുടക്കം കുറിച്ചത്. ക്യാമ്പയിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് തുടക്കമായി. 26 മുതൽ 30 വരെയാണ് ആദ്യഘട്ട പ്രവർത്തനം. പൊതുയിടങ്ങളിലെ മാലിന്യക്കൂനകളും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളും കണ്ടെത്തി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി പ്രസ്തുത സ്ഥലങ്ങൾ ആകർഷകമാക്കും. ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി മാലിന്യമുക്ത യജ്ഞ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ, പി പി രവീന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ ബെന്നി ജോസഫ്, ശുചിത്വ മിഷൻ ജില്ലാ കോ–- ഓർഡിനേറ്റർ ഏണസ്റ്റ് സി തോമസ്, സുരേഷ് ബാബു, പി എൻ ബാബു, എം ബൈജു, ശംഭു ഭാസ്കർ, സി ദിദിക എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News