സർക്കാർ ഇടപെടൽ; 
പച്ചക്കറി വില കുറയുന്നു



സ്വന്തം ലേഖകൻ തൃശൂർ രാജ്യമാകെ പച്ചക്കറി വില കുതിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ  ഇടപെടൽ ജനങ്ങൾക്ക്‌ ആശ്വാസമാകുന്നു. ഇന്ധനവില വർധനയും മഴക്കെടുതിമൂലമുള്ള വിളനാശവും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കി. പച്ചക്കറി വിലയാണ്‌ വൻതോതിൽ ഉയർന്നത്‌. ഇതര സംസ്ഥാനങ്ങളിൽ മഴമൂലം നിത്യോപയോഗ സാധനങ്ങളുടെ വരവ്‌ കുറഞ്ഞിരുന്നു. ശബരിമല സീസൺ ആരംഭിച്ചതോടെ പച്ചക്കറിയുടെ ആവശ്യകതയും കൂടി.  വില പിടിച്ചുനിർത്താൻ സപ്ലൈകോ വിൽപ്പനശാലകളിൽ സബ്ബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇതോടെ വിലയിൽ നേരിയ കുറവ്‌ വന്നുതുടങ്ങിയിട്ടുണ്ട്‌. വില നിയന്ത്രിക്കാൻ പരമാവധി  പച്ചക്കറി സംഭരിക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. ഇതര സംസ്ഥാനങ്ങളിൽ മഴയ്‌ക്ക്‌ ശമനം വന്നതോടെ മാർക്കറ്റുകളിൽ പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വരവ്‌ ആരംഭിച്ചിട്ടുണ്ട്‌. മഴയെത്തുടർന്ന്‌ രണ്ടാഴ്‌ചയായി ഭാഗികമായാണ്‌ സാധനങ്ങൾ എത്തിയിരുന്നത്‌. ശക്തൻ മാർക്കറ്റിൽ കഴിഞ്ഞ ആഴ്‌ചയേക്കാൾ കൂടുതൽ ലോഡ്‌ പച്ചക്കറികൾ എത്തിയത്‌ വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക്‌ ആശ്വാസമാകുന്നുണ്ട്‌.        Read on deshabhimani.com

Related News