ജില്ലാ അതിർത്തിയിൽ പരിശോധന ശക്തമാക്കി



തൃശൂർ കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ അതിർത്തിയിൽ പൊലീസ്‌  പരിശോധന ശക്തമാക്കി.  വാണിയമ്പാറയിൽ കമീഷണർ ആർ ആദിത്യ, അസി. കമീഷണർ വി കെ രാജു എന്നിവർ സന്ദർശിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി.   തമിഴ്നാട് സ്വദേശികളായ ചിലർ കാൽനടയായും സൈക്കിൾമാർഗവും  അതിർത്തികടക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തി. കുതിരാനിൽ   ഇവരെ തടഞ്ഞ്‌  പൊലീസ് വാഹനത്തിൽ അവരവരുടെ താമസസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിച്ചു.  അതിർത്തിവഴി അവശ്യസാധനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടിയുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ.   സോപ്പ്, സാനിറ്റൈസർ, ഗ്ലൗസ്,   മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങൾ സത്യവാങ്മൂലം പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കും. ഇവ നിർമിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്   പൊലീസ് പാസ് നൽകും. ജില്ലയിൽ നൂറുകണക്കിന്‌ കേന്ദ്രങ്ങളിൽ ബാരിക്കേഡ്‌ സ്ഥാപിച്ച്‌  അനാവശ്യ സഞ്ചാരം നടത്തുന്നവരെ  പിടികൂടുന്നുണ്ട്‌. തൃപ്രയാറിൽ അനാവശ്യ സഞ്ചാരം നടത്തുന്നവരെ ഡിഐജി എസ്  സുരേന്ദ്രൻ  പിടികൂടി.  അനാവശ്യ സഞ്ചാരം നടത്തുന്ന  യാത്രക്കാരെ വഴിയിലിറക്കി വാഹനങ്ങൾ പിടിച്ചെടുത്തു. ഇവ വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഈ വാഹനങ്ങൾ മൂന്നാഴ്ചയ്‌ക്കുശേഷമേ വിട്ടുനൽകാവൂവെന്ന് ഡിഐജി വലപ്പാട് പൊലീസിന് നിർദേശം നൽകി. Read on deshabhimani.com

Related News