നേരിനെ നെഞ്ചേറ്റി കരുതലേകിയ കൈകളല്ലേ;
 ഒപ്പമുണ്ട്‌ ജനത

തൃശൂർ തേക്കിൻകാട്ടിൽ വടക്കൻ മേഖലാ ജാഥയുടെ സമാപനപൊതുയോഗത്തിൽ നേതാക്കളുടെ അഭിവാദ്യം


തൃശൂർ> നേരിന്റെയും നന്മയുടെയും  പതാകയേന്തി  വികസനഗാഥ മുഴക്കി ജനം ഒഴുകിയെത്തി. പാതയോരങ്ങളിൽ  കാത്തുനിന്ന്‌   എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥയെ ജനം  ഹൃദയത്തോടുചേർത്തു. ഗ്രാമനഗരവ്യത്യാസമില്ലാതെ  നാട്‌ ഇളകിമറിഞ്ഞു.  ‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്’‌ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന  ജാഥ  മഹാമുന്നേറ്റമായി മാറി ജില്ലയിൽ.  കാവടിയും  വാദ്യമേളങ്ങളും മുത്തുക്കുടകളുമെല്ലാം ഉത്സവപ്രതീതിയുണർത്തി. ചെമ്പതാകകളുമായി ബൈക്കിൽ യുവജനങ്ങൾ   അകമ്പടിയേകി. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ മാള ടൗണിലായിരുന്നു വെള്ളിയാഴ്‌ച ആദ്യ സ്വീകരണം.  തുറന്ന ജീപ്പിൽ ജാഥാക്യാപ്‌റ്റനെ സ്വീകരിച്ചാനയിച്ചതോടെ  മാള ടൗൺ  ചെമ്പതാകയേന്തിയ ജനങ്ങളാൽ നിറഞ്ഞു. സ്വീകരണയോഗത്തിൽ വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി. എം രാജേഷ്‌ സ്വാഗതവും ടി ആർ സന്തോഷ്‌ നന്ദിയും പറഞ്ഞു.  പ്രളയം അതിജീവിച്ച  ചാലക്കുടിയുടെ മണ്ണിൽ  ഉയിർപ്പിന്റെ സന്ദേശവുമായി ജനസഞ്ചയം പ്രവഹിച്ചു. സർക്കാർ കരുതലിൽ പുത്തൻ ജീവിതം പടുത്തുയർത്തിയ  ഊരുകളിൽനിന്നും  സ്‌നേഹപ്രകടനവുമായി കാടിൻ അവകാശികളുമെത്തി. ചാലക്കുടിയിൽ പി എം വിജയൻ അധ്യക്ഷനായി. ടി എ ജോണി  സ്വാഗതവും ജോർജി ജി ഐനിക്കൽ നന്ദിയും പറഞ്ഞു.   വികസനത്തിന്റെ പുത്തൻവീഥികളൊരുങ്ങിയ ഇരിങ്ങാലക്കുടയുടെ മണ്ണിൽ ജാഥാസ്വീകരണം സ്‌നേഹവിളംബരമായിമാറി. കൂടിയാട്ടത്തിന്റെ നാട്ടിൽ കേരളത്തിന്റെ തനത്‌ കലാരൂപങ്ങളും മികവേകി.  സുസ്ഥിര വികസനഗാഥയൊരുക്കിയ പുതുക്കാട്ടും‌  നിലയ്‌ക്കാത്ത ജനപ്രവാഹമായിരുന്നു.  സ്വീകരണപ്പന്തലും നിറഞ്ഞുകവിഞ്ഞു.  വി എസ്‌ പ്രിൻസ്‌ അധ്യക്ഷനായി. ടി എ രാമകൃഷ്‌ണൻ സ്വാഗതവും പി കെ ശിവരാമൻ നന്ദിയും പറഞ്ഞു.   കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌   മാസ്‌ക്‌ ധരിച്ചും സാനിറ്റൈസർ കൈളിൽ പുരട്ടിയും ജാഗ്രത കൈവിടാതെയായിരുന്നു സ്വീകരണം.  ജാഥാക്യാപ്‌റ്റൻ എ വിജയരാഘവനു പുറമെ കെ പി രാജേന്ദ്രൻ (സിപിഐ), അഡ്വ. പി സതീദേവി (സിപിഐ എം), പി ടി ജോസ്(കേരള കോൺഗ്രസ് എം), കെ ലോഹ്യ(ജനതാദൾ എസ്), പി കെ രാജൻ (എൻസിപി), ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), കെ പി മോഹനൻ (എൽജെഡി), ജോസ് ചെമ്പേരി (കേരള കോൺഗ്രസ് ബി), കാസീം ഇരിക്കൂർ (ഐഎൻഎൽ,) ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്കറിയ), അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ വിവിധ  കേന്ദ്രങ്ങളിൽ  സംസാരിച്ചു.  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, ജില്ലാ സെക്രട്ടറി എം എം വർഗീസ്, മന്ത്രിമാരായ എ സി മൊയ്‌തീൻ,  സി  രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ, ഡോ. പി കെ ബിജു, എം കെ കണ്ണൻ, ഗവ. ചീഫ്‌ വിപ്പ്‌ കെ രാജൻ എംഎൽഎമാരായ മുരളി പെരുനെല്ലി,  ബി ഡി ദേവസി, പ്രൊഫ. കെ യു അരുണൻ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News