കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍ 
എൻജിനിയറെ മുറിയിലിട്ട് പൂട്ടി



ചാലക്കുടി അനധികൃത നിർമാണത്തിന് കൂട്ട് നിൽക്കാത്തതിനാൽ കോൺഗ്രസ്‌ കൗൺസിലർ മുനിസിപ്പൽ എൻജിനിയറെ മുറിയിലിട്ട് പൂട്ടി. എൻജിനിയർ സുഭാഷിനെയാണ് കൗൺസിലർ വത്സൻ ചമ്പക്കര മുറിയിലിട്ട് പൂട്ടിയത്‌.  വെള്ളി പകൽ മൂന്നോടെയായിരുന്നു സംഭവം. പോട്ട മൂന്നാം വാർഡിൽ ചട്ടം ലംഘിച്ച് നിർമിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് നൽകാത്തതാണ്‌  കൗൺസിലറെ പ്രകോപിപ്പിച്ചത്‌.    കെട്ടിടം നിർമിക്കുന്ന ഭൂമി നിലമായാണ് രേഖയിൽ ഉള്ളത്‌. മാത്രമല്ല ചട്ടപ്രകാരം റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ്  നിർമാണം.  ഈ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് രണ്ട് മാസം മുമ്പ്  കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രവൃത്തികൾ മന്ദഗതിയിലായി. ഇതിനിടെ  വെള്ളിയാഴ്‌ച പെർമിറ്റ് നൽകണമെന്നാവശ്യപ്പെട്ട് കൗൺസിലർ നഗരസഭയിൽ എത്തി.  ആവശ്യം  എൻജിനിയർ നിരാകരിച്ചതോടെ മേശയിലിടിച്ച് ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ എൻജിനിയറെ മുറിയിലിട്ട് പൂട്ടി.   ജീവനക്കാരാണ് വാതിൽ തുറന്ന് എൻജിനിയറെ മോചിപ്പിച്ചത്. പിന്നീട് നഗരസഭ ചെയർമാൻ സമ്മർദം ചെലുത്തി  എൻജിനിയറുടെ പരാതി പിൻവലിപ്പിച്ചു.  കൗൺസിലറുടെ നടപടിക്കെതിരെ   ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചു. മുനിസിപ്പൽ ചെയർമാനും നഗരത്തിലെ അനധികൃത നിർമാണത്തിന് ഒത്താശ ചെയ്ത് കൊടുക്കുകയാണെന്ന്‌ ആക്ഷേപമുണ്ട്‌. ബിജെപിയുടെ പിന്തുണയോടെ വിജയിച്ച വത്സൻ ചമ്പക്കര ഇപ്പോഴത്തെ ചെയർമാൻ സ്ഥാനമേറ്റ ശേഷമാണ് കോൺഗ്രസിലെത്തിയത്. ഇതിനുള്ള പ്രത്യുപകരമായാണ് അനധികൃത നിർമാണത്തിന് ചെയർമാൻ കൂട്ടുനിൽക്കുന്നതെന്ന്‌ പറയുന്നു. എൻജിനിയറെ ആക്രമിക്കാൻ ശ്രമിച്ച കൗൺസിലർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭ എൽഡിഎഫ് ലീഡർ സി എസ് സുരേഷ് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News