റെജിയെ കുരുക്കിയത് 
സി സി കാമറ



ഗുരുവായൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണെങ്കിലും അല്ലെങ്കിലും....നാട്ടിൽ  സിസി കാമറയാണ് താരം. 20 കൊല്ലം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ പൊക്കിയതിന് പിന്നിലും ​ഗുരുവായൂരിലെയും പരിസരത്തെയും തമിഴ് നാട്ടിലെയും സിസി കാമറയാണ്‌ പൊലീസിന് സഹായകമായത്. ചാമക്കാല പോണത്ത് റെജി എന്ന തമിഴൻ റെജി (42) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് സിസി കാമറകളുടെ സഹായത്തോടെ പിടികൂടിയത്. 20 വർഷത്തോളമായി ഒളിവിലായിരുന്ന റെജി കഴിഞ്ഞ ദിവസം ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായെത്തി. ഈ സമയം നാട്ടുകാരനായ ഒരാൾ റെജിയെ കണ്ട വിവരം നാട്ടിലെ സുഹൃത്തുക്കളുമായി പങ്കുവച്ചു. വിവരം കൊടുങ്ങല്ലൂർ എസിപി  സലീഷ് എൻ  ശങ്കറിന്റെ കാതിലുമെത്തി. റെജി ​ഗുരുവായൂരിലെത്തിയ ദിവസം മനസ്സിലാക്കി. തുടർന്ന് അന്വേഷണ സംഘം നിരവധി സിസിടിവികൾ പരിശോധിച്ചു. പ്രതി കോയമ്പത്തൂർ ബസിൽ കയറുന്നതായി കണ്ടു.  ബസ് കണ്ടക്ടറിൽ നിന്നും ഇയാൾ  കോയമ്പത്തൂരിലെ രാമനാഥപുരത്ത് ഇറങ്ങിയതായി  മനസ്സിലാക്കി.    പ്രതിക്ക് രാമനാഥപുരത്തുള്ള ബന്ധങ്ങളെക്കുറിച്ച് സൂചന ലഭിച്ചു.  അന്വേഷണ സംഘം വേഷം മാറി റെജി ജോലി ചെയ്തിരുന്ന ഇറച്ചിക്കടയിൽ നിന്ന്‌ ഇറച്ചി വാങ്ങി. ഇതിനിടെ തന്ത്രപൂർവം പ്രതിയുടെ ഫോട്ടോ എടുത്ത് നാട്ടിൽ റെജിയെ പരിചയമുള്ള ആളുകൾക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയശേഷം  ഇറച്ചിക്കട വളഞ്ഞ് സാഹസികമായാണ്‌ പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടെത്താനായി കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിനടുത്ത് സിസി കാമറകളാണ് പൊലീസ് പരിശോധിച്ചത്. 2003 ഡിസംബറിൽ  ചാമക്കാല സ്വദേശിയായ ശ്രീനാഥിനെ ചാമക്കാല ഹൈസ്‌കൂൾ പരിസരത്തുവച്ച്     വെട്ടിപരിക്കേൽപ്പിച്ച ശേഷം വെള്ളത്തിൽ താഴ്ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. Read on deshabhimani.com

Related News