കെട്ടുകാളകൾ ഉറഞ്ഞാടി അന്തിമഹാകാളൻകാവ് വേല

അന്തിമഹാകാളന്‍കാവ് വേലയോടനുബന്ധിച്ചുള്ള കാളവേല


ചേലക്കര കെട്ടുകാള എഴുന്നള്ളിപ്പിന്റെ ചന്തം ചേലക്കരയുടെ ഹൃദയങ്ങളിൽ നിറഞ്ഞാറാടി. ആനകളില്ലാത്ത വേലയ്ക്ക് പൊയ്ക്കാളകൾ അതിലേറെ ആവേശമായി. ഗ്രാമീണതയുടെ ഉൾത്തുടിപ്പുകൾ ഏറ്റുവാങ്ങിയാണ് അന്തിമഹാകാളൻകാവിലേക്ക് അസുരവാദ്യത്തിന്റെ താളത്തിൽ ദേശക്കാവുകളിലെ കാളകൾ വരവറിയിച്ചത് . കാളവരവിനും വെടിക്കെട്ടിനും പ്രസിദ്ധമായ അന്തിമഹാകാളൻകാവ് വേല കെങ്കേമമായി. സാംബവക്കോളനിയിൽനിന്നുള്ള കുതിരവേല എത്തിയശേഷമാണ് കാളവേളകൾ ഒന്നൊന്നായി കാവിന് സമീപത്തെ പാടത്ത് സംഗമിച്ചത്.   ഇത്തവണ വടക്കുംകൂർ വേലയായതിനാൽ കടുകശേരി ക്ഷേത്രത്തിനോടു ചേർന്നുള്ള മുല്ലത്തറയ്ക്ക് സമീപം ഒരുക്കിയ പന്തലിലാണ് ചടങ്ങുകൾ നടന്നത്. ദാരികവധം കളംപാട്ടിന്റെ അവസാനം കാളിയുടെ ദാരികവധത്തിന്റെ  ഭാഗമായുള്ളതാണ് വേല. പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂർ-, ചേലക്കോട്, തോന്നൂർക്കര, കുറുമല എന്നീ അഞ്ചു ദേശങ്ങളാണ് വേലയുടെ പങ്കാളികൾ. ദേശം ഈടുവെടി പകൽ രണ്ടിന് ചേലക്കര സെന്ററിൽ നടന്നു. പുലർച്ചെ 12.30ന് വെടിക്കെട്ട് നടത്തി. കടുകശേരി ക്ഷേത്രത്തിൽനിന്നും പുലർച്ചെ പുറപ്പെടുന്ന കാളി ദാരികന്മാർ തേർ തട്ടിലെത്തി കാവിനുമുന്നിൽ സംവാദം നടത്തി. ഞായറാഴ്ച പുലർച്ചെയോടെ കാള–-കുതിര വേലകൾ കാവുകയറി പിൻവാങ്ങും. പഞ്ചവാദ്യം, മേളം, കലാരൂപങ്ങൾ, പൂക്കാവടി എന്നിവയും വേലയ്ക്ക് ചന്തമേകി. Read on deshabhimani.com

Related News