മണ്ണുത്തിയിൽ വരുന്നു, 
ട്രാൻസ്ലേഷണൽ ഗവേഷണ കേന്ദ്രം



തൃശൂർ ആശയങ്ങളും  ഗവേഷണങ്ങളും  ഇനി പരീക്ഷണശാലയിൽ ഒതുങ്ങില്ല. അവ മരുന്നുകളായും   ഉൽപ്പന്നങ്ങളായും  മാറും. ആയിരങ്ങൾക്ക്‌ തൊഴിലവസരങ്ങളും ഒരുങ്ങും. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്  യൂണിവേഴ്‌സിറ്റിയിൽ ഇതാ  ട്രാൻസ്ലേഷണൽ   ഗവേഷണ കേന്ദ്രം വരുന്നു.  കേരള സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ്‌ ആശയങ്ങൾ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന  ട്രാൻസ്ലേഷണൽ  റിസർച്ച്‌ സെന്റർ  സ്ഥാപിക്കുന്നത്‌. സംസ്ഥാന സർക്കാർ 20 കോടിയുടെ കിഫ്‌ബി ഫണ്ട്‌ ഇതിനായി അനുവദിച്ചു.  മൃഗസംരക്ഷണ മേഖലയിലും  അനുബന്ധ മേഖലകളിലും ഉൽപ്പാദനവും വാണിജ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന്‌ ഗവേഷണവും   വ്യവസായവും സംയോജിപ്പിക്കും. ഉൽപ്പന്നങ്ങളായും മാറും.    മണ്ണുത്തി ക്യാമ്പസിലാണ്‌  ഗവേഷണ കേന്ദ്രം തുറക്കുന്നത്‌.  സെൻട്രൽ ഫെസിലിറ്റിയിൽ അഞ്ച്‌ സെന്ററുണ്ടാവും.   ശരീരത്തിലെ പ്രോട്ടീനുകളൈ പഠിക്കാനുള്ള  ഒമിക്‌സ്‌ സെന്റർ, റീജനറേറ്റീവ്‌ മെഡിസിനും ബയോ മെറ്റീരിയിൽ ഡെവലപ്‌മെന്റിനുമുള്ള  ബയോ മെഡിക്കൽ റിസർച്ച്‌ സെന്റർ,  ഏക ആരോഗ്യം പ്ലാറ്റ്‌ഫോമിൽ പ്രത്യേക ഊന്നൽ നൽകുന്ന, മൃഗരോഗങ്ങൾക്കുള്ള ഡയഗ്നോസ്‌റ്റിക്‌ സൗകര്യങ്ങളുള്ള സെന്റർ, കന്നുകാലികൾ, കോഴികൾ, സഹജീവികൾ എന്നിവയിലെ പകർച്ചവ്യാധികൾക്കെതിരായ വാക്‌സിനുകളുടെ ഗവേഷണത്തിനും വികസനത്തിനുമുള്ള സെന്റർ,  സംയോജിത കാലാവസ്ഥ പ്രതിരോധ സാങ്കേതിക വിദ്യ പ്രോട്ടോ ടൈപ്പിന്റെ വികസനത്തിനും കൈമാറ്റത്തിനുമുള്ള കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നു.  മൂല്യ വർധിത ഇറച്ചി, മുട്ട ഉൽപ്പന്നങ്ങൾക്കുള്ള കേന്ദ്രം,  മൂല്യവർധിത പാലുൽപ്പന്നങ്ങൾ,   ഭക്ഷ്യപദാർഥങ്ങൾ വാണിജ്യവൽക്കരിക്കുന്നതിനും സ്‌റ്റാർട്ടപ്പുകൾക്കുള്ള സാങ്കേതിക കൈമാറ്റത്തിനുമുള്ള കേന്ദ്രം,  ചെറിയ മൃഗങ്ങളുടെ പരീക്ഷണം നടത്തുവാനുള്ള സെന്റർ  എന്നിവ  ഉൾക്കൊള്ളുന്ന   സ്‌പെഷ്യലിസ്‌റ്റ്‌ ഫെസിലിറ്റികളും  ഉൾപ്പെടുന്നു.  കന്നുകാലികളുടെയും കോഴികളുടെയും എണ്ണം വർധിപ്പിക്കുക, ഫലപ്രദമായ വാക്‌സിനുകൾ വികസിപ്പിക്കൽ,  രോഗ നിർണയം കാര്യക്ഷമമാക്കൽ, കാലാവസ്ഥ വ്യതിയാനംമൂലമുള്ള പ്രശ്‌നങ്ങൾ തരണം ചെയ്യാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുക, മൂല്യവർധിത കന്നുകാലി ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക, ബയോ മെഡിസിൻ മേഖലയിലെ ഗവേഷണം എന്നിവയും സർവകലാശാല  ലക്ഷ്യമിടുന്നു. Read on deshabhimani.com

Related News