വി കെ എന്‍ വാക്കുകള്‍കൊണ്ട് ഇന്ദ്രജാലം
കാണിച്ച മഹാമാന്ത്രികൻ: വൈശാഖന്‍

കേരള സാഹിത്യ അക്കാദമിയും വി കെ എൻ സ്മാരകസമിതിയും സംഘടിപ്പിച്ച വി കെ എൻ അനുസ്മരണത്തിൽ വി കെ എന്നിന്റെ സഹധർമിണി വേദവതിയമ്മയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖനും 
 ഛായാപടത്തിനുമുന്നിൽ ദീപം തെളിയിക്കുന്നു


തൃശൂർ മലയാളസാഹിത്യത്തിൽ വാക്കുകൾകൊണ്ട് ഇന്ദ്രജാലം കാണിച്ച മഹാമാന്ത്രികനാണ് വി കെ എൻ എന്ന്  സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ പറഞ്ഞു. വി കെ എന്നിന്റെ പതിനെട്ടാം ചരമവാർഷികദിനാചരണം തിരുവില്വാമലയിൽ വി കെ എൻ സ്മാരകമന്ദിരത്തിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല പല വാക്കുകൾ ഉണ്ടാക്കിയും ക്രമംതെറ്റിച്ച് പ്രയോഗിച്ചും പല കാലങ്ങളിൽ ജീവിക്കുന്ന കഥാപാത്രങ്ങളെ ഒരുമിച്ചവതരിപ്പിച്ചും വി കെ എൻ സൃഷ്ടിച്ച സാഹിത്യം വായനക്കാർക്ക് നിത്യവിസ്മയങ്ങളാണ്. അതുവരെ കഥയിലും നോവലിലും ആവിഷ്കരിക്കപ്പെടാതെപോയ ദേശചരിത്രങ്ങൾക്കും പുരാവൃത്തങ്ങൾക്കും മനുഷ്യാനുഭവങ്ങൾക്കും ഇടംനൽകുക വഴി വി കെ എൻ ദേശചരിത്രസങ്കല്പങ്ങളെ തകിടംമറിച്ചു.  കുഞ്ചൻനമ്പ്യാരുടെ ആക്ഷേപഹാസ്യപാരമ്പര്യം പിന്തുടർന്ന വി കെ എൻ എക്കാലത്തും പ്രസക്തവും സംവാദാത്മകവുമായ ഒരാശയലോകം സൃഷ്ടിച്ചതായും വൈശാഖൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും വി കെ എൻ സ്മാരകസമിതിയും   സംഘടിപ്പിച്ച അനുസ്മരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പത്മജ അധ്യക്ഷയായി. വി കെ എൻ സ്മാരകസമിതി പ്രസിഡന്റ്‌ എൻ രാംകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായർ, വി കെ എൻ സ്മാരകസമിതി സെക്രട്ടറി കെ ആർ മനോജ്കുമാർ ,കെ എസ് സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ പി ഉമാശങ്കർ, കെ ബാലകൃഷ്ണൻ, സ്മിത സുകുമാരൻ, വി കെ കെ രമേഷ് എന്നിവർ സംസാരിച്ചു. വി കെ എന്നിന്റെ സഹധർമിണി വേദവതിയമ്മ വി കെ എന്നിന്റെ ഛായാപടത്തിനുമുന്നിൽ ദീപം തെളിയിച്ചു. തുടർന്ന്‌പുഷ്പാർച്ചനയും നടന്നു. Read on deshabhimani.com

Related News