പെരിങ്ങോട്ടുകര – അന്തിക്കാട് റോഡ് 
3 ദിവസത്തിനകം സഞ്ചാരയോഗ്യമാക്കും



 അന്തിക്കാട്  പെരിങ്ങോട്ടുകര –-അന്തിക്കാട് റോഡ് മൂന്നുദിവസത്തിനകം കുഴികളടച്ച്  സഞ്ചാരയോഗ്യമാക്കുമെന്ന് സി സി മുകുന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ്‌, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പുനൽകി.   പെരിങ്ങോട്ടുകരമുതൽ അന്തിക്കാടുവരെയുള്ള  അഞ്ചുകിലോമീറ്റർ ദൂരത്തിൽ അമൃതം കുടിവെള്ള പദ്ധതിക്കായി പൈപ്പിടൽ തുടങ്ങിയിട്ട് മൂന്നുവർഷത്തിലേറെയായി.  ഇതിനകം രണ്ടുകിലോമീറ്റർ മാത്രമാണ് പൈപ്പിടൽ പൂർത്തിയാക്കിയത്. പൈപ്പിടാനായി വിട്ടുനൽകിയ റോഡ് പൂർവസ്ഥിതിയിലാക്കി തിരിച്ചേൽപ്പിക്കണമെന്ന നിലപാടിലായിരുന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ.  അരക്കിലോമീറ്റർ ദൂരത്തിൽ പൈപ്പിട്ട് ആ ഭാഗം പൂർവസ്ഥിതിയിലാക്കിയതിനു ശേഷം മാത്രമേ ബാക്കി ഭാഗം പൊളിക്കാൻ പാടുള്ളൂ എന്ന പൊതുമരാമത്ത്‌ വകുപ്പ്‌ നിർദേശം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വാട്ടർ അതോറിറ്റി മാറ്റം വരുത്തിയതായി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.  ഇതേത്തുടർന്ന്‌ ഇനിയുള്ള ഭാഗങ്ങൾ പൊളിക്കുമ്പോൾ ഈ മാനദണ്ഡം പാലിക്കാമെന്ന്‌ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. കാലാവസ്ഥ വ്യതിയാനം കോവിഡ്‌ നിയന്ത്രണങ്ങൾ എന്നീ ന്യായങ്ങൾ പറഞ്ഞ്‌  ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറരുതെന്ന്‌ സി സി മുകുന്ദൻ എംഎൽഎ ഉദ്യോഗസ്ഥർക്ക്‌ കർശന നിർദേശം നൽകി.   അന്തിക്കാട് സർക്കാർ ആശുപത്രി റോഡ് അറ്റകുറ്റപ്പണി നടത്തി ഉടൻ പൂർവസ്ഥിതിയിലാക്കുമെന്നും ഇതിനാവശ്യമായ നടപടികൾ അടുത്തദിവസം ആരംഭിക്കുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. യോഗത്തിന് ശേഷം വാട്ടർ അതോറിറ്റി ഉന്നത ഇദ്യോഗസ്ഥർ റോഡ് സന്ദർശിച്ചു. യോഗത്തിൽ നാട്ടിക വാട്ടർ അതോറട്ടി എക്സി. എൻജിനിയർ പി ജയപ്രകാശ്, അന്തിക്കാട്  ബിഡിഒ ജോളി വിജയൻ, പിഡബ്ല്യുഡി അസി.എക്‌സിക്യുട്ടീവ് എൻജിനിയർമാരായ എ കെ നവീൻ, കെ വി മാലിനി, ചേർപ്പ് സെക്‌ഷൻ അസി.എൻജിനിയർ എ ആർ പ്രിയ, വലപ്പാട് പിഡബ്ല്യുഡി റോഡ്സിലെ അസി. എൻജിനിയർ കെ ജെ സിജി, വാട്ടർ അതോറിറ്റി അസി. എക്സിക്യുട്ടീവ് എൻജിനിയർ കെ പി പ്രസാദ്, അസി. എൻജിനിയർ എ ആർ ശ്രീവിദ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News