കോവിഡ്‌: 
ജാഗ്രതയോടെ
വിദ്യാലയങ്ങൾ

കോവിഡ്


തൃശൂർ സ്‌കൂളുകളിൽ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്യുന്നതിനാൽ അധ്യാപകരും രക്ഷിതാക്കളും കടുത്ത ജാഗ്രതയിൽ. വിവിധ സ്‌കൂളുകളിലെ എഴുപതോളം അധ്യാപകർക്കും അമ്പതോളം വിദ്യാർഥികൾക്കും ചുരുക്കം ജീവനക്കാർക്കുമാണ്‌ കോവിഡ്‌ പിടിപെട്ടത്‌. പൊതുസമൂഹത്തിൽ റിപ്പോർട്ട്‌ ചെയ്യുന്നതിനേക്കാൾ കുറവുപേർക്കാണ്‌ സ്‌കൂളുകളിൽ കോവിഡ്‌ പിടിപെടുന്നതെങ്കിലും  അധികാരികൾ ജാഗ്രതയോടെയുള്ള സുരക്ഷാ പ്രവർത്തനം തുടരുകയാണ്‌. ജില്ലയിൽ ആകെയുള്ള 1028 സ്‌കൂളുകളിൽ ചിലയിടങ്ങളിലാണ്‌ കോവിഡ്‌  ബാധിച്ചിരിക്കുന്നത്‌. കൂടുതൽപേരിൽ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്‌തതിനാൽ ഇരുപതിലേറെ സ്‌കൂളുകൾ സുരക്ഷ കണക്കിലെടുത്ത്‌ താൽക്കാലികമായി അടച്ചിട്ടിരിക്കയാണ്‌. ചൊവ്വാഴ്‌ച കലാമണ്ഡലം ഉൾപ്പെടെ മൂന്ന്‌ സ്‌കൂളുകൾക്ക്‌ അവധി നൽകി. കൂടുതൽപേർക്ക്‌ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്യുന്ന സ്‌കൂളുകൾക്ക്‌ ഒരാഴ്‌ചത്തെ അവധിയാണ്‌ നൽകുന്നത്‌. കോവിഡ്‌ രോഗികളുടെ ആർടിപിസിആർ ടെസ്‌റ്റ്‌ നെഗറ്റീവ്‌ ആയതിനുശേഷം സ്‌കൂളുകൾ തുറക്കുകയാണ്‌ പതിവ്‌. കുട്ടികളുടെ സൗകര്യാർഥം സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം, ഓൺലൈൻ ക്ലാസുകളും ഇപ്പോഴും തുടരുന്നുണ്ട്‌. ദീർഘനാളത്തെ അടച്ചുപൂട്ടലിനുശേഷം, നവംബർ ഒന്നിന്‌ അധ്യയനം ആരംഭിച്ചപ്പോൾ അമ്പതുശതമാനത്തോളം കുട്ടികളാണ്‌ സ്‌കൂളുകളിലെത്തിയത്‌. ദിവസങ്ങൾ പിന്നിട്ടതോടെ, രക്ഷിതാക്കളിലും വിദ്യാർഥികളിലും കോവിഡ്‌ ആശങ്ക ഒഴുയുന്നതിനാൽ,  ഘട്ടംഘട്ടമായി കൂടുതൽ കുട്ടികൾ സ്‌കൂളുകളിൽ നേരിട്ടെത്തിത്തുടങ്ങി.          കോവിഡിന്റെ ഭാഗമായി കനത്ത സുരക്ഷ ഉറപ്പാക്കിയാണ്‌ ജില്ലയിലെ സ്‌കൂളുകളുടെ പ്രവർത്തനം നടത്തുന്നതെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു. ഹാൻഡ്‌വാഷ്‌, സാനിറ്റൈസർ, ബക്കറ്റ്‌ തുടങ്ങിയവ വാങ്ങുന്നതിന്‌ സർക്കാർ 28 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്‌കൂളുകൾക്ക്‌ ആവശ്യമായ തെർമൽസ്‌കാനർ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഓഫീസിൽനിന്ന്‌ അനുവദിച്ചു. എൻജിഒ യൂണിയൻ 250 പുതിയ തെർമൽ സ്‌കാനർ നൽകി. കെഎസ്‌ടിഎ, കെയുടിഎ അധ്യാപക സംഘടനകൾ 15,000 മാസ്‌കുകൾ  നൽകി. ആരോഗ്യപ്രവർത്തകർ, പൊലീസ്‌ എന്നിവരുടെ സേവനം സജീവമായുണ്ട്‌. ഒരു സ്‌കൂളിൽ ഒരു ആരോഗ്യപ്രവർത്തകൻവീതം ചുമതല നിർവഹിക്കുന്നുണ്ട്‌. കൂട്ടം കൂടുന്നവരേയും മാസ്‌ക്‌ ധരിക്കാത്തവരേയും  നിരീക്ഷിക്കുന്നുമുണ്ട്‌. Read on deshabhimani.com

Related News