ചിരിതൂകുന്നു തരിശിടങ്ങൾ



തൃശൂർ ദേശീയ പാതയോരത്ത്‌ തിരിഞ്ഞുനോക്കാനാളില്ലാതെ കിടന്നിരുന്ന തരിശുനിലങ്ങളിൽ മണ്ണിളകി. വിത്തിട്ട്‌ വിയർപ്പൊഴുക്കിയതോടെ നിലങ്ങളിൽ നുറുമേനി വിളവ്‌.  സാംസ്‌കാരിക ജില്ലയിൽ കാർഷിക സംസ്‌കാരവും വീണ്ടെടുത്ത്‌ കൃഷിക്കായി തിരിച്ചുപിടിച്ചത്‌ 2000 ഹെക്ടർ. എൽഡിഎഫ്‌ സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ വിജയഗാഥയുടെ നേരനുഭവമാണ്‌ നെന്മണിക്കര.    പഞ്ചായത്തിന്റെ ‘നെന്മണി 2020’ പദ്ധതി പുതിയൊരു കാർഷിക കൂട്ടായ്മക്കാണ്‌ വഴിയൊരുക്കിയത്‌. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷി വകുപ്പ്, ഹരിത കേരള മിഷൻ, കാർഷിക സർവകലാശാല തുടങ്ങിയവ കൈകോർത്ത് പുലക്കാട്ടുക്കര, തലവണിക്കര, പാലിയേക്കര എന്നിവിടങ്ങളിലാണ് കൃഷിയിറക്കിയത്.  പാലിയേക്കരയിൽ മണ്ണെടുത്ത്‌ കുളവാഴയും ചണ്ടിയും നറിഞ്ഞ പാടം കാർഷിക സർവകലാശാലയുടെ കുമരകം അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷനിൽനിന്ന്‌ ട്രാക്സർ കം എക്സവേറ്റർ (യന്ത്രച്ചങ്ങാടം) എത്തിച്ചാണ് വൃത്തിയാക്കിയത്‌. ഭൂവുടമകളിൽനിന്ന് മൂന്നുവർഷത്തേക്ക് കൃഷിയിറക്കാൻ സമ്മതപത്രം വാങ്ങി. തുടർന്നാണ് ഹരിതസേന‌ കൃഷിയിറക്കി വിജയം കൊയ്‌തതെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല മനോഹരൻ പറഞ്ഞു.  തരിശുഭൂമിയിൽ കൃഷിയിറക്കാൻ കൃഷിവകുപ്പിൽനിന്ന് ഹെക്ടറിന്‌ 25,000 രൂപ ഹരിതസേനക്ക്‌ നൽകി. ഭൂവുടമക്ക് 5000 രൂപയും. ആദ്യഘട്ട കൊയ്‌ത്ത്‌ കഴിഞ്ഞു. മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്‌, വി എസ്‌ സുനിൽകുമാർ എന്നിവർ ഓരോഘട്ടങ്ങളിലും ഇടപെട്ടു.    എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലയിൽ 2000 ഹെക്ടർ തരിശ്‌ഭൂമിയാണ്‌ വീണ്ടെടുത്തത്‌‌. ഇപ്പോൾ 18,000 ഹെക്ടറിൽ കൃഷിയിറക്കുന്നുണ്ട്‌. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 250 ഹെക്ടറിൽ കൂടി നെൽകൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ്‌. കുടുംബശ്രീ, തൊഴിലുറപ്പ്‌ തൊഴിലാളി തുടങ്ങിയ വിഭാഗങ്ങളെ കണ്ണിചേർത്ത്‌ വിപുലമായ ഭക്ഷ്യപദ്ധതിയാണ്‌ ഒരുക്കുന്നത്‌.   Read on deshabhimani.com

Related News