ദുരിതത്തിന്‌ അറുതി; നഗരത്തിലേക്ക്‌ ശുദ്ധജല പ്രവാഹം

നിർമാണം പൂർത്തീകരിച്ച 200 ലക്ഷം ലിറ്ററിന്റെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്‍റ്


തൃശൂർ > നഗരവാസികളുടെ എക്കാലത്തേയും ദുരിതമായിരുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഇനി ദിനംപ്രതി 200 ലക്ഷം ലിറ്റർ ശുദ്ധജലം പ്രവഹിക്കും. ഇത്‌ പുതുചരിത്രമാവും‌. എൽഡിഎഫ്‌ ഭരണത്തിലുള്ള കോർപറേഷൻ ഭരണസമിതിയാണ്‌ 17.30 കോടി രൂപ ചെലവഴിച്ച് പീച്ചിയിൽ പ്രതിദിനം 200 ലക്ഷം ലിറ്ററിന്റെ വാട്ടർ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ നിർമിച്ചത്‌.   ബുധനാഴ്‌ച പകൽ രണ്ടിന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി പ്ലാന്റ്‌ നഗരവാസികൾക്കായി സമർപ്പിക്കും. അയ്യന്തോൾ ഇ കെ മേനോൻ മന്ദിരത്തിൽ ചേരുന്ന ഉദ്‌ഘാടന ചടങ്ങിൽ മേയർ എം കെ വർഗീസ്‌ അധ്യക്ഷനാവും. മന്ത്രിമാരായ എ സി മൊയ്‌തീൻ, വി എസ്‌ സുനിൽകുമാർ എന്നിവർ പങ്കെടുക്കും.   പീച്ചിയിൽ നിലവിലുള്ള 14.50 എംഎൽഡി പ്ലാന്റിനു പുറമെയാണ് അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി 20 എംഎൽഡി പ്ലാന്റ് നിർമിച്ചത്‌.   പഴയ മുനിസിപ്പാലിറ്റി പ്രദേശത്ത് 1962 മുതലാണ് ജലവിതരണം ആരംഭിക്കുന്നത്. വർഷങ്ങൾ പിന്നിട്ടിട്ടും പീച്ചി പ്ലാന്റിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ല. ജനസംഖ്യ വർധനയ്ക്കനുസരിച്ച് പ്ലാന്റ് അപര്യാപ്തമാണ്. ഇതേത്തുടർന്നാണ് പുതിയ പ്ലാന്റ് നിർമിച്ചത്‌. നിലവിലുള്ള 14.50 എംഎൽഡി സമാന്തരമായി നിലനിർത്താനാവും. പ്ലാന്റ് ശുദ്ധീകരണ സമയത്തും തടസ്സങ്ങളില്ലാതെ ജലവിതരണം നടത്താനാവും.   പ്ലാന്റിന്റെ അടിത്തട്ടിനുപകരം ഉപരിതലത്തിൽനിന്നും വെള്ളം ശേഖരിക്കുന്നതിന് ഫ്ലോട്ടിങ് ഇൻടെയ്ക് സ്ട്രക്ച്ചർ സ്ഥാപിക്കുന്ന പദ്ധതിയും അന്തിമഘട്ടത്തിലാണ്‌. അടിത്തട്ടിലെ വെള്ളം ശുദ്ധീകരിക്കുമ്പോൾ മണ്ണും ചെളിയും ഇരുമ്പംശവും കൂടുതലാണ്.   ഡാമിന്റെ ഉപരിതലത്തിൽ ഒഴുകിനടന്ന് വെള്ളം ശേഖരിക്കുന്ന ഫ്ലോട്ടിങ് ഇൻടെയ്ക് സ്ട്രക്ച്ചർ സ്ഥാപിക്കുന്നതോടെ ശുദ്ധജലം ലഭിക്കും. ഇതിനായി 215 എച്ച്പിയുടെ സബ്മേഴ്സിബിൾ സെൻട്രിഫ്യൂഗൽ മോട്ടോർ മൂന്നെണ്ണം സ്ഥാപിക്കുന്നുണ്ട്‌. അഞ്ചുകോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്‌.   Read on deshabhimani.com

Related News