ആന്റിബയോട്ടിക് ദുരുപയോഗം 
തടയാനുള്ള നൂതന സംവിധാനം തൃശൂരിലും



തൃശൂർ ആന്റിബയോട്ടിക്‌ മരുന്നുകളുടെ ദുരുപയോഗം തടയാനും ചികിത്സ കുറ്റമറ്റതാക്കാനുമുള്ള ആരോഗ്യ വകുപ്പിന്റെ  നൂതന സംവിധാനത്തിന്‌ ജില്ലയിൽ തുടക്കമായി. സൂക്ഷ്‌മാണുക്കളുടെ ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധത്തിന്റെ നിരീക്ഷണത്തിന്റെ ഭാഗമായി ഹബ്‌ ആൻഡ്‌ സ്‌പോക്ക്‌ മോഡൽ എഎംആർ സർവൈലൻസ് സംവിധാനമാണ്‌ ആരംഭിച്ചത്‌.  അണുബാധ നേരത്തേ തിരിച്ചറിയാനും ആന്റിബയോട്ടിക്കിന്റെ യുക്തിസഹമായ ഉപയോഗത്തിനും ആന്റിബയോട്ടിക് പ്രതിരോധത്തെക്കുറിച്ചുള്ള നിരീക്ഷണത്തിനും പദ്ധതി സഹായകരമാകും. ആന്റിബയോട്ടിക്‌ തെറ്റായി കുറിച്ച്‌ നൽകുന്നുണ്ടോയെന്നറിയാൻ ഡോക്ടർമാരുടെ കുറിപ്പടി പരിശോധനയും ആരംഭിച്ചിട്ടുണ്ട്‌.  തൃശൂർ ജനറൽ ആശുപത്രിയിലെ ജില്ലാ എഎംആർ ലാബ് ആണ് ഹബ്‌. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രി,  വടക്കാഞ്ചേരി ജില്ലാ ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ചാവക്കാട് താലൂക്ക് ആശുപത്രി എന്നിവയാണ് സ്‌പോക്ക്‌ ആശുപത്രികൾ.  പ്രധാനമായും  മൂത്രം, പഴുപ്പ്‌, ഉമിനീർ, ബ്ലഡ്‌ കൾച്ചർ, ശരീര സ്രവങ്ങൾ എന്നിവയാണ്‌ ജില്ലാ എഎംആർ ഹബ്‌ ലാബിൽ പരിശോധിക്കുക. സ്‌പോക്ക്‌ ആശുപത്രികളിലെ രോഗികളിൽനിന്ന് കൾച്ചർ സാമ്പിളുകൾ സ്വീകരിച്ച് ജില്ലാ എഎംആർ ലാബിലെത്തിച്ച് നടപടിക്രമം പൂർത്തീകരിക്കും. തുടർന്ന്‌ റിപ്പോർട്ട് ഇ മെയിൽവഴി സ്‌പോക്ക്‌ ആശുപത്രികളിലേക്ക് അയക്കുമെന്ന്‌ ഡിഎംഒ ഡോ. ടി പി  ശ്രീദേവി പറഞ്ഞു.  ജില്ലയിലെ വിദൂര സ്ഥലങ്ങളിലുള്ള രോഗികൾക്ക് കൾച്ചർ ടെസ്റ്റുകൾ അടക്കമുള്ള നൂതന ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നതിനോടൊപ്പം, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലെ സൂക്ഷ്‌മാണുക്കളുടെ പ്രതിരോധത്തെക്കുറിച്ച്‌  അറിയാനും അതുവഴി ജില്ലയിലെ പ്രതിരോധത്തിന്റെ പ്രവണത അറിയാനും ആന്റിബയോഗ്രാം ഉണ്ടാക്കുന്നതിനും സംരംഭം സഹായകരമാണെന്ന്‌ ഡിപിഎം ഡോ. പി സജീവ്‌കുമാർ വ്യക്തമാക്കി. തുടക്കത്തിൽ ആഴ്ചയിൽ ഒരുദിവസം എന്ന രീതിയിലാണ് താലൂക്ക് ആശുപത്രികളിൽനിന്ന് കൾച്ചർ സാമ്പിളുകൾ സ്വീകരിക്കുകയെന്ന്‌ എഎംആർ പ്രോഗ്രാം സംസ്ഥാന നോഡൽ ഓഫീസർ ഡോ. പി എസ്‌ ശിവപ്രസാദ് പറഞ്ഞു.  ഒരുമാസംകൊണ്ട് തൃശൂർ ജനറൽ ആശുപത്രി ലാബിൽ 372 കൾച്ചർ സാമ്പിൾ സ്വീകരിച്ചു. സ്‌പോക്ക്‌ ആശുപത്രികളിൽനിന്നുമാത്രം 117 കൾച്ചർ സാമ്പിളുകൾ ലഭിച്ചു. 72 കൾച്ചർ സാമ്പിളുകൾ പോസിറ്റീവായി.  റിപ്പോർട്ട്‌ അതത് ആശുപത്രിയിലേക്ക് സമയബന്ധിതമായി അയക്കാനും കഴിഞ്ഞുവെന്ന്‌ ജില്ലാ നോഡൽ ഓഫീസർ ഡോ. പവൻകുമാർ പറഞ്ഞു. Read on deshabhimani.com

Related News