പ്രതിസന്ധിയിലായി പുതുക്കാട് കോൺഗ്രസ്‌



പുതുക്കാട്  വരന്തരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി  ഇ എം ഉമ്മറിനെ തീരുമാനിച്ചതിനെതുടർന്ന്‌ യുഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയിൽ പ്രതിസന്ധി രൂക്ഷം. ഇ എം ഉമ്മർ നേരത്തെ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ജയിച്ച് രണ്ട് വർഷം യുഡിഎഫിന്റെ വരന്തരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റായതാണ്. ലീഗുകാരനായ ഒരാളെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആക്കിയതിൽ പ്രതിഷേധിച്ച് പുതുക്കാട് മണ്ഡലത്തിലെ യുഡിഎഫ് പരിപാടികളെല്ലാം മുസ്ലിം ലീഗ് ബഹിഷ്കരിക്കുകയാണ്.  കോൺഗ്രസിൽ വരന്തരപ്പിള്ളി മണ്ഡലം പ്രസിഡന്റാവാൻ യോഗ്യർ ഇല്ലാത്തതിനാലാണ് മുസ്ലിം ലീഗുകാരനെ പണി ഏൽപ്പിച്ചതെന്ന് കോൺഗ്രസുകാർ തന്നെ ഗ്രൂപ്പ് ഭേദമെന്യേ പരിഹസിക്കുന്നുമുണ്ട്. എന്നാൽ ഉമ്മർ ഇപ്പോൾ കോൺഗ്രസിൽ ആണെന്നാണ് മറുവിഭാഗം പറയുന്നത്. കോൺഗ്രസിന്‌ തലവേദന തീർക്കുന്ന മറ്റൊരു വിഷയം നവംബർ 5ന് നടക്കുന്ന പുതുക്കാട് സർവീസ് സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പാണ്‌. കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള  ബാങ്ക് ഭരണ സമിതിയിലേക്ക് പക്ഷെ എ ഗ്രൂപ്പിലെ കെ പി വിശ്വനാഥൻ വിഭാഗത്തിനും ഐ ഗ്രൂപ്പിനും വ്യത്യസ്‌ത പാനലുകളാണ്. എന്നാൽ ഔദ്യോഗിക പാനൽ എന്ന് പറയുന്ന കെ പി വിഭാഗത്തിൽ  12 സ്ഥാനാർഥികളിൽ മൂന്ന് പേർ ബിജെപിക്കാരാണ് എന്നും ആരോപണമുണ്ട്‌. അർജുൻ തോട്ടത്തി, സന്ധ്യ സുധീർ, സുശീല ദിവാകരൻ എന്നിവർക്കെതിരെയാണ് കോൺഗ്രസുകാർ തന്നെ ബിജെപി ആരോപണം ഉയർത്തുന്നത്. ഞായറാഴ്ച പുതുക്കാട് കോൺഗ്രസ് ഓഫീസിൽ  നടന്ന പുതുക്കാട് സർവീസ്  സഹകരണ ബാങ്ക്  തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഐ ഗ്രൂപ്പും മുസ്ലിം ലീഗും  ബഹിഷ്കരിച്ചിരുന്നു.   Read on deshabhimani.com

Related News