15 സ്‌കൂളുകളില്‍ 
സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കും



തൃശൂർ പുതിയ കലക്ടറായി ചാർജെടുത്ത വി ആർ കൃഷ്ണ തേജയുടെ ജില്ലയിലെ ആദ്യത്തെ ഇടപെടൽ വിദ്യാലയങ്ങൾക്ക്‌ വേണ്ടി.  മലയോര, തീരദേശ മേഖലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 15 സ്‌കൂളുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കിയാണ്   ഇടപെടൽ. 65 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസ്‌ റൂമുകളാണ് ഇതുവഴി സ്‌കൂളുകൾക്ക് ലഭിക്കുക. ജില്ലയിലെ കുട്ടികൾക്കുള്ള ആദ്യ സമ്മാനമെന്ന നിലയിലാണ്  ഇത്‌ ഒരുക്കുന്നതെന്ന് കലക്ടർ പറഞ്ഞു. ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്മാർട്ട് റൂമുകൾ ഒരുങ്ങുക.  ഓൺലൈൻ ക്ലാസുകൾക്കും ക്ലാസുകളുടെ ലൈവ് സ്ട്രീമിങ്ങിനുമുള്ള സൗകര്യങ്ങൾ അടങ്ങിയതാണ്  സ്മാർട്ട് ക്ലാസ് റൂം.  ആൻഡ്രോയിഡ് ഓപ്പറേറ്റിങ്‌ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിൽ ഉള്ളടക്കങ്ങൾ സൂം ചെയ്ത് കാണാനും വൈറ്റ് ബോർഡായി ഉപയോഗിക്കാനും സാധിക്കും. ആദ്യ യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, എഡിഎം ടി മുരളി, ഡിഡിഇ ടി വി മദനമോഹനൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുള്‍ കരീം, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം ശ്രീജ, എ എ ഗ്ലാഡ്സൺ മനോജ്‌, ഡി ഇ ഒമാരായ പി വിജയകുമാരി, എസ് ഷാജി, പി കെ അജിതകുമാരി, എഇഒമാരായ പി എം ബാലകൃഷ്ണൻ, പി ജെ ബിജു, ഡോ. എം സി നിഷ, ബീന ജോസ്, ഷീബ ചാക്കോ, ടി ബി രത്നകുമാരി എന്നിവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News