കെഎസ്‌ടിഎ ജില്ലാ സമ്മേളനം ഇന്നാരംഭിക്കും



 തൃശൂർ കെഎസ്‌ടിഎ ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ തൃശൂർ ജവഹർ ബാലഭവനിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ‘മതനിരപേക്ഷ വികസിത കേരളം കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ ജില്ലാ സമ്മേളനം ചേരുന്നത്‌.  കോവിഡ്‌ മാനദണ്ഡമനുസരിച്ച്‌ രണ്ട്‌ ഹാളിലായി 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്‌ച രാവിലെ പത്തിന്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ സി സാജൻ ഇഗ്‌നേഷ്യസ്‌ അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ്‌ കെ ജെ ഹരികുമാർ സംസാരിക്കും. വൈകിട്ട്‌ അഞ്ചിന്‌ കോർപറേഷന്‌ മുന്നിൽ ചേരുന്ന പൊതു സമ്മേളനം മന്ത്രി എ സി മൊയ്‌തീൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌ അധ്യക്ഷനാകും.  അടിസ്ഥാനസൗകര്യ വികസനത്തിലും  ഡിജിറ്റൽ വിദ്യാഭ്യാസരംഗത്തും മിന്നുന്ന നേട്ടമാണ്‌ കഴിഞ്ഞ നാലര വർഷമായി പൊതു വിദ്യാഭ്യാസ രംഗത്ത്‌ ദൃശ്യമാകുന്നത്‌. 6,78,000 വിദ്യാർഥികൾ  സർക്കാർ മേഖലയിലേക്ക്‌ പുതുതായി കടന്നുവന്നു. സംഘാടക സമിതി ചെയർമാൻ കെ രവീന്ദ്രൻ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി വി കല, സംസ്ഥാന കമ്മിറ്റിയംഗം കെ എസ്‌ പത്മിനി, ജില്ലാ പ്രസിഡന്റ്‌ സി സാജൻ ഇഗ്‌നേഷ്യസ്‌, പബ്ലിസിറ്റി കൺവീനർ പി ഐ യൂസഫ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News