കാണാം; കൊല്ലങ്കോട് കൊട്ടാരം

ചെമ്പൂക്കാവ്‌ കൊല്ലങ്കോട് കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുരാവസ്തുക്കൾ


തൃശൂർ അടച്ചിടലിന്റെ  കാലത്തുനിന്ന്  പുറത്തിറങ്ങാം. കാഴ്‌ച തേടിയുള്ള യാത്രയിൽ കൊല്ലങ്കോട് കൊട്ടാരത്തിലൊന്നു കേറാം.  ഈ കൊട്ടാരം കാണാൻ കൊല്ലങ്കോടുവരെ പോകേണ്ട‌. തൃശൂർ നഗരമധ്യത്തിൽ ചെമ്പുക്കാവിലാണീ കൊട്ടാരം‌. ചരിത്ര സ്‌മൃതിക്കൊപ്പം തൃശൂരിന്റെ പൈതൃകക്കാഴ്‌ചയും  കാണാം.  പച്ചപ്പുൽത്തകിടിയും തണൽമരങ്ങളും കുളിർമ പകരും. ചുവർ ചിത്രകലാ മ്യൂസിയവും പുരാവസ്‌തുശേഖരങ്ങളും  ചരിത്രപ്പടവുകളിലേക്ക്‌ ‌ കൂട്ടിക്കൊണ്ടുപോവും.     കോവിഡ് പ്രോട്ടോകോൾ പ്രകാരം   തുറന്ന കൊട്ടാരം ഇപ്പോൾ ന്യൂ ജെൻ ഫോട്ടോ ഷൂട്ടുകളുടെ മികച്ച ലൊക്കേഷനാണ്.   കൊട്ടാരത്തിന്റെ പൈതൃക മതിൽ  ജില്ലയുടെ പൈതൃകം വിളിച്ചോതുന്നു.   ഗുരുവായൂർ സത്യഗ്രഹവും കനോലി കനാലും പൂരവും പുലിക്കളിയും ഇതിലുണ്ട്‌. ചുമർച്ചിത്രഗ്യാലറിയും ചരിത്രമ്യൂസിയവും ചരിത്രാന്വേഷികൾക്കും ചിത്രരചന പഠിക്കുന്നവർക്കും ഗുണംചെയ്യും. പഴയകാല അടുക്കളയിലും  ഉപകരണങ്ങളിലും ജീവിതം തുടിക്കുന്നു.  നാടൻ കലകളുടെയും തൊഴിൽ ഉപകരണങ്ങളുടെയും ഫോക്‌ലോർ ഗ്യാലറി കാണേണ്ട കാഴ്‌ചയാണ്‌.  കുട്ടികൾക്ക്‌ ആഹ്‌ളാദിക്കാൻ പാർക്കുമുണ്ട്‌.  മുതിർന്നവർക്ക് പത്തു രൂപയും കുട്ടികൾക്ക് അഞ്ചു രൂപയുമാണ് ഫീസ്.  സംസ്ഥാന പുരാവസ്തുവകുപ്പ് പരിപാലിക്കുന്ന  കൊട്ടാരത്തിൽ മുമ്പ്‌  പുരാവസ്‌തുക്കൾ ഏറെയുണ്ടായിരുന്നു.  2005ൽ പുരാവസ്തു മ്യൂസിയം ശക്തൻതമ്പുരാൻ കൊട്ടാരത്തിലേക്ക് മാറ്റി. ഇതോടെ  ചുമർചിത്രങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള മ്യൂസിയവും പഠനകേന്ദ്രവുമായി ഈ കേന്ദ്രം മാറ്റി.  മ്യൂറൽ ആർട്സ് സെന്റർ  മാറ്റി. മട്ടാഞ്ചേരി കൊട്ടാരം, വടക്കുന്നാഥ ക്ഷേത്രം, ചെമ്മന്തിട്ട, പുതുക്കാട് പള്ളി, കാഞ്ഞൂർ പള്ളി എന്നിങ്ങനെ കേരളത്തിലെ ആരാധനാലയങ്ങളെയും കൊട്ടാരക്കെട്ടുകളെയും വർണാഭമാക്കുന്ന ചുമർച്ചിത്രങ്ങളുടെ പകർപ്പുകൾ  കൊല്ലങ്കോട്‌  കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.   കൊല്ലങ്കോട്  രാജകുടുംബം സർക്കാരിന് കൈമാറിയ വാസുദേവ രാജയുടെ സ്വകാര്യ ശേഖരത്തിലുള്ള വസ്തുക്കളും   പ്രദർശനത്തിലുണ്ട്.  2012 മുതൽ അടഞ്ഞുകിടന്നിരുന്ന മ്യൂസിയം 2018 ജൂൺ 28 നാണ് പുനരുദ്ധാരണത്തിന് ശേഷം  തുറന്നത്.  ഒന്നരക്കോടിയോളം ചെലവഴിച്ചാണ്‌ പുനരുദ്ധരിച്ചത്‌.  കൊല്ലങ്കോട് രാജവംശത്തിലെ അവസാന രാജാവായ വാസുദേവരാജ  1904ൽ പണികഴിപ്പിച്ചതാണ്  കൊട്ടാരം. രാജാവിന്റെ വേനൽക്കാല താവളമായിരുന്നു.  1975-ലാണ്‌ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്‌. Read on deshabhimani.com

Related News