5013 അതിദരിദ്രർക്ക്‌ 
സർക്കാർ തണലേകും



തൃശൂർ ദാരിദ്ര്യത്തിന്റെ പിടിയിൽ നിരാലംബരായവരെ കണ്ടെത്തി പരിരക്ഷിക്കാനുള്ള സർക്കാർ  പദ്ധതിക്ക്‌ തുടക്കമാവുന്നു. ജില്ലയിൽ കണ്ടെത്തിയ അതിദരിദ്രരായ 5013 പേർക്ക്‌ സർക്കാർ തണലേകും. 750 പേർക്ക് വിവിധ രേഖകൾ കൈമാറി.   ചികിത്സ, ഭക്ഷണം, പോഷകാഹാരം തുടങ്ങിയ സഹായങ്ങൾ ഇവർക്ക്‌ നൽകും. വാർഡ്‌, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിങ്ങനെ ഫോക്കസ്‌ ഗ്രൂപ്പുകൾ ചർച്ച നടത്തിയാണ്‌ അതിദരിദ്രരെ കണ്ടെത്തുന്നത്‌. ഗ്രാമസഭയിലും തദ്ദേശ സ്ഥാപനതലങ്ങളിലും  അംഗീകരിച്ചാണ്‌ ലിസ്‌റ്റുകൾ തയ്യാറാക്കുന്നത്‌.  കോർപറേഷൻ 381, മുനിസിപ്പാലിറ്റി 996, ഗ്രാമപഞ്ചായത്ത് 3636 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ പട്ടികജാതി വിഭാഗത്തിൽ 1337, പട്ടികവർഗ വിഭാഗത്തിൽ 44, മറ്റ് വിഭാഗങ്ങളിലായി 3604 എന്നിങ്ങനെ ഉൾപ്പെട്ടിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കുടിയേറി താമസിച്ചവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, യാചകർ  എന്നിവരായി 28 പേരെയും കണ്ടെത്തി.  അവകാശരേഖകളില്ലാത്ത ഒരാൾ പോലും അതിദരിദ്രരുടെ ലിസ്റ്റിൽ അവശേഷിക്കരുത് എന്ന ലക്ഷ്യത്തോടെ ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി രേഖകൾ എന്നിവ 750 പേർക്ക് നൽകി. 513  കുടുംബങ്ങൾക്കാണ് ആകെ റേഷൻ കാർഡ് നൽകാനുള്ളത്. അതിൽ 333 കുടുംബങ്ങൾക്ക് റേഷൻ കാർഡ്  നൽകി. ആധാർ കാർഡ് ആവശ്യമുള്ളത് 310 പേർക്കാണ്. 134 പേർക്ക് ആധാർ കാർഡ് നൽകി. വോട്ടർ ഐഡി നൽകാനുള്ള 543 പേരിൽ 283 പേർക്കും നൽകി. അതിദരിദ്രർക്കുള്ള മൈക്രോ പ്ലാൻ, സാക്ഷ്യപത്രം എന്നിവ തയ്യാറാക്കി അവർക്ക് വേണ്ട ചികിത്സ, ഭക്ഷണം, പോഷകാഹാരം, രേഖകൾ എന്നിവ തദ്ദേശസ്വയംഭരണ, സിവിൽ സപ്ലൈസ് വകുപ്പുകളുടെ  നേതൃത്വത്തിൽ നൽകി വരുന്നുണ്ട്. Read on deshabhimani.com

Related News