അഴീക്കോടൻ ദിനാചരണം ഒരുക്കങ്ങളായി



തൃശൂർ ധീരരക്തസാക്ഷി അഴീക്കോടൻ രാഘവൻ ദിനാചരണത്തിന്‌ ജില്ലയിൽ വിപുലമായ ഒരുക്കങ്ങളായി. സിപിഐ എമ്മിന്റെ എല്ലാ ഘടകങ്ങളിലും രാവിലെ പ്രഭാതഭേരിയും പതാക ഉയർത്തലും നടക്കും. സഖാവിന്റെ ഫോട്ടോയിൽ  പുഷ്‌പാർച്ചനയും ഉണ്ടാകും. പാർടിയുടെയും വർഗ ബഹുജന സംഘടനകളുടെയും ഓഫീസുകൾ ചെമ്പതാകകളും തോരണങ്ങളുംകൊണ്ട്‌  അലങ്കരിച്ചു . അഴീക്കോടൻ രക്തസാക്ഷിദിനത്തിൽ ദേശാഭിമാനി പത്രക്യാമ്പയിന്‌ തുടക്കം കുറിക്കും. ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ഒക്‌ടോബർ 20ന്‌ സി എച്ച്‌ കണാരൻ ദിനത്തിൽ സമാപിക്കും.  വ്യാഴാഴ്‌ച രാവിലെ എട്ടിന്‌ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ അഴീക്കോടൻ കുത്തേറ്റു വീണ ചെട്ടിയങ്ങാടിയിലെ സ്‌മൃതി മണ്ഡപത്തിലേക്ക്‌ പ്രകടനം നടത്തും. തുടർന്ന്‌ പുഷ്‌പാർച്ചനയും അനുസ്‌മരണയോഗവും ചേരും. വൈകിട്ട്‌ അഞ്ചിന്‌ ഓൺലൈനിൽ അഴീക്കോടൻ രാഘവൻ അനുസ്‌മരണ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക്‌ പേജിലും യുട്യൂബ്‌ ചാനലിലും ലൈവ്‌ സംപ്രേഷണം ഉണ്ടാകും. 2510 ബ്രാഞ്ചിലും മറ്റു പാർടി ഓഫീസുകളിലും അനുസ്‌മരണയോഗം ലൈവായി പ്രദർശിപ്പിക്കും. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള ബോർഡുകൾ നാടാകെ ഉയർന്നുകഴിഞ്ഞു. പോസ്‌റ്റർ പ്രചാരണവും കൃത്യതയോടെ നടക്കുന്നുണ്ട്‌. രക്തസാക്ഷിദിനത്തിന്റെ ഭാഗമായുള്ള എല്ലാ പരിപാടികളും കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ സംഘടിപ്പിക്കുക. രക്തസാക്ഷിദിനം വിജയിപ്പിക്കാൻ മുഴുവൻ പാർടി പ്രവർത്തകരും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന്‌  ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News