ട്രെയിനിലെത്തുന്നവരുടെ ക്വാറന്റൈൻ: ഒരുക്കങ്ങൾ പൂർണം



തൃശൂർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുളള തയ്യാറെടുപ്പുകൾ പൂർണ സജ്ജം. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുളള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. പ്ലാറ്റ്‌ഫോമിൽ എത്തുന്ന യാത്രക്കാരെ നിശ്ചിത അകലം പാലിച്ച് രണ്ട് വരികളിൽ നിർത്തി മെഡിക്കൽ പരിശോധന നടത്തും. ഇതിനായി പ്ലാറ്റ്‌ഫോമിൽ ഡോക്ടറും നേഴ്‌സും ഉൾപ്പെടുന്ന മെഡിക്കൽ ഡെസ്‌ക്ക് സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നൽകിയ കോവിഡ് 19 ജാഗ്രതാ ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷൻ കൗണ്ടറിൽ നൽകണം. അതിനുശേഷം യാത്രക്കാരെ കെഎസ്ആർടിസി ബസുകളിൽ താലൂക്കുകളിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. രോഗലക്ഷണമുളളവരെ പ്രത്യേക പ്രവേശന മാർഗത്തിലൂടെ ആംബുലൻസ് വഴി ആശുപത്രിയിൽ ക്വാറന്റൈൻ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ്, റെയിൽവെ പൊലീസ്, ആരോഗ്യ വകുപ്പ്‌ എന്നിവയുടെ നേതൃത്വത്തിൽ യാത്രക്കാരെ ഏകോപിപ്പിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ആർഡിഒ, പൊലീസ്, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ സൗകര്യങ്ങളും ക്വാറന്റൈൻ നിർദേശങ്ങളും നൽകും. കലക്ടർ എസ് ഷാനവാസ്, സബ് കലക്ടർ അഫ്‌സാന പർവീൻ എന്നിവർ ഒരുക്കങ്ങൾ വിലയിരുത്തി. Read on deshabhimani.com

Related News