പ്രൊഫഷണല്‍ നാടകമത്സരം 25ന്‌ തുടങ്ങും



  തൃശൂർ കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിന്‌ തിങ്കളാഴ്‌ച തിരിതെളിയും. അഞ്ച് ദിവസമായി നടക്കുന്ന  മത്സരത്തിൽ 10 നാടകം അരങ്ങേറും. രാവിലെ 9.30ന് അക്കാദമി ചെയർപേഴ്‌സൺ കെപിഎസി ലളിത ഉദ്ഘാടനം ചെയ്യും. വൈസ്‌ചെയർമാൻ സേവ്യർപുൽപ്പാട്ട് അധ്യക്ഷനാകും. കോവിഡ് മഹാമാരിയെത്തുടർന്ന്‌ നീട്ടിവച്ച  2019ലെ പ്രൊഫഷണൽ നാടകമത്സരമാണ്‌ 25മുതൽ 29വരെ  കെ ടി മുഹമ്മദ് സ്മാരക തിയറ്ററിൽ  സംഘടിപ്പിക്കുന്നത്‌. തിങ്കൾ  രാവിലെ പത്തിനും വൈകിട്ട്  അഞ്ചിനുമായി രണ്ട്‌ നാടകം അരങ്ങിലെത്തും.  പാസെടുക്കുന്ന 250 പേർക്ക്‌ മത്സരം കാണാം. പാസ്‌ ശനി രാവിലെ പത്തുമുതൽ അക്കാദമി ഓഫീസിൽനിന്ന്‌ വിതരണം ചെയ്യും.  വിവിധ സമിതികൾ സമർപ്പിച്ച  23 നാടകങ്ങളിൽനിന്ന്  ജൂറി തെരഞ്ഞെടുത്ത  10 എണ്ണമാണ്‌  അരങ്ങിലെത്തുക. 25ന് രാവിലെ  കൊച്ചിൻ ചന്ദ്രകാന്തത്തിന്റെ അന്നവും വൈകിട്ട് കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മയും അരങ്ങേറും. 26ന്  രാവിലെ  തിരുവനന്തപുരം   സൗപർണികയുടെ ഇതിഹാസവും വൈകിട്ട് കണ്ണൂർ നാടകസംഘത്തിന്റെ കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും  വേദിയിലെത്തും.  27ന്  രാവിലെ വെഞ്ഞാറമൂട്‌ സംസ്‌കൃതി ജീവിതപാഠവും വൈകിട്ട് വള്ളുവനാട് ബ്രഹ്മയുടെ  പാട്ടുപാടുന്ന  വെള്ളായിയും 28ന്  രാവിലെ കണ്ണൂർ സംഘചേതനയുടെ ഭോലാറാമും വൈകിട്ട് പിരപ്പൻകോട്‌  സംഘകേളിയുടെ മക്കളുടെ ശ്രദ്ധയ്ക്കും 29ന്  രാവിലെ  കെപിഎസിയുടെ മരത്തൻ 1892 ഉം വൈകിട്ട് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധിയും അരങ്ങേറും. Read on deshabhimani.com

Related News