ഫെയ്സ്ബുക്ക്‌ പരിചയത്തിലൂടെ പണം തട്ടിപ്പ്‌: 
മണിപ്പൂരുകാരായ ദമ്പതികൾ പിടിയിൽ



സ്വന്തം ലേഖകൻ തൃശൂർ  വിദേശത്ത്‌ ഡോക്ടറാണെന്നു പറഞ്ഞ് ഫെയ്സ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെട്ട്‌ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മണിപ്പുർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. മണിപ്പുർ ഈസ്റ്റ് സർദാർ ഹിൽസ് സേനാപതി തയോങ്ങിലെ റുഗ്നിഹുയ് കോം, ഭർത്താവ് ഹൃഗ്നിതേങ് കോം എന്നിവരെയാണ്‌ ബംഗളൂരുവിൽവച്ച്‌ സിറ്റി സൈബർ പൊലീസ്‌ പിടികൂടിയത്.  വിദേശത്തുനിന്ന്‌ അയച്ച പണത്തിനും സ്വർണത്തിനും നികുതിയും പ്രൊസസിങ് ഫീസും നൽകാനെന്ന പേരിൽ വൻതുക ഈടാക്കുന്ന സംഘത്തിലെ കണ്ണികളാണ്‌ അറസ്റ്റിലായത്‌. റുഗ്നിഹുയ് കോമാണ്‌ മറ്റു സ്ത്രീകളെ വിളിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും സിം കാർഡ് സംഘടിപ്പിക്കുകയുമാണ് ഇവരുടെ ഭർത്താവ്‌ ഹൃഗ്നിതേങ് കോം ചെയ്തത്.  70,000 യുകെ പൗണ്ടും സ്വർണവും അയച്ചിട്ടുണ്ടെന്ന്‌ വിശ്വസിപ്പിച്ച് തൃശൂർ സ്വദേശിനിയിൽനിന്ന്‌ 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. ഫെയ്സ്ബുക്ക്‌ വഴി പരിചയപ്പെട്ടശേഷം വിദേശത്തുനിന്ന്‌ വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ട് എന്ന് സ്ത്രീകളോട് പറയുകയാണ് തട്ടിപ്പിന്റെ ആദ്യപടി.  പിന്നീട് ഇന്ത്യയിലെ പാഴ്സൽ കമ്പനിയിൽനിന്നാണെന്നു പറഞ്ഞ് സ്ത്രീകളെ വിളിച്ച് പാഴ്സലിനകത്ത് ഫോറിൻ കറൻസിയും സ്വർണവുമാണെന്ന്‌‌  വിശ്വസിപ്പിക്കും. ഇത് കൈപ്പറ്റുന്നതിനുള്ള നികുതി, ഇൻഷുറൻസ്, ഇന്ത്യൻ രൂപയായി മാറ്റാനുള്ള പ്രൊസസിങ്‌ ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾ പറഞ്ഞ് വൻ തുക വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയാണ് അടുത്തഘട്ടം. ഡൽഹി, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പുനടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽനിന്ന്‌ മൊബൈൽ ഫോണുകളും എടിഎം കാർഡുകളും സിം കാ‍ർഡുകളും ചെക്ക് ബുക്കുകളും കണ്ടെടുത്തു. പൊലീസ്‌ സംഘം ബംഗളൂരുവിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.  സൈബർ ക്രൈം ഇൻസ്‌പെക്ടർ എ എ അഷറഫ്, എസ്ഐ എം ഒ നൈറ്റ്, എഎസ്ഐ സതീഷ് എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്. തൃശൂരിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News