ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര നിഷേധിച്ചു; കെഎസ്‌ആർടിസി നഷ്ടപരിഹാരം നൽകണം



തൃശൂർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. കൊല്ലം തേവലക്കര സ്വദേശി സൗപർണികയിലെ കെ ആർ പ്രേംജിത്ത്‌, ഭാര്യ കീർത്തി മോഹൻ എന്നിവർ  ഫയൽ ചെയ്ത ഹർജിയിലാണ് കെഎസ്‌ആർടിസി തൃശൂർ സ്റ്റേഷൻ മാസ്റ്റർ, എംഡി എന്നിവരോട്‌ നഷ്‌ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക്‌ 2000 രൂപയും നൽകാൻ വിധിച്ചത്‌.  രാത്രി 12.15നുള്ള ബസിൽ തൃശൂരിൽനിന്ന്‌ കായംകുളത്തേക്ക് യാത്ര ചെയ്യാനാണ് 374 രൂപ നൽകി ടിക്കറ്റ് ബുക്ക് ചെയ്‌തത്‌. സീറ്റ് നമ്പറുകൾ അനുവദിച്ചു നൽകുകയും ചെയ്‌തിരുന്നു. യഥാസമയം ബസ്‌സ്‌റ്റാൻഡിലെത്തിയെങ്കിലും യാത്ര ചെയ്യാൻ അനുവദിച്ചില്ല. തുടർന്നാണ്‌ തൃശൂർ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്‌.  പരാതിക്കാർക്ക്‌ അനുവദിച്ച സീറ്റുകളിൽ മറ്റു യാത്രക്കാരെ അനുവദിച്ച  കെഎസ്ആർടിസിയുടെ നടപടി ഗുരുതര സേവന വീഴ്ചയാണെന്ന് ഉപഭോക്തൃ കോടതി പ്രസിഡന്റ്‌ സി ടി സാബു, മെമ്പർമാരായ ഡോ. കെ രാധാകൃഷ്ണൻ നായർ, എസ്‌ ശ്രീജ എന്നിവർ കണ്ടെത്തി. തുടർന്നാണ്‌ നഷ്ടപരിഹാരവും ചെലവും നൽകാൻ വിധിച്ചത്‌. ഹർജിക്കാർക്കു വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി. Read on deshabhimani.com

Related News