വായനക്കാർ കാത്തിരിക്കും ഇവരെ



വടക്കാഞ്ചേരി നഗരസഭയിൽ മംഗലം പ്രദേശത്ത്  പുലർകാലെ   വായനക്കാർ കാത്തിരിക്കുന്ന രണ്ട് മിടുക്കികളായ സഹോദരിമാരുണ്ട്.  മംഗലം കടലക്കാട്ടിൽ യാക്കൂബിന്റേയും   റംലത്തിന്റേയും മക്കളും വിദ്യാർഥിനികളുമായ റിസ്വാന (17), ഫർസാന (12) എന്നിവരാണ് അതിരാവിലെ   സൈക്കിളിൽ പത്രവിതരണം നടത്തുന്നത്‌. മൂന്നു  വയസ്സുള്ള കുഞ്ഞനിയത്തി റയ്ഹാന ഉറക്കമുണരും മുമ്പ് പത്രക്കെട്ടുകളുമായി ഇവർ  ഇറങ്ങും . ദേശാഭിമാനിയുൾപ്പെടെയുള്ള പത്രങ്ങളുടെ ഏജന്റായ ബാപ്പയുടെ പക്കൽ നിന്നാണ് നൂറോളം പത്രങ്ങൾ വാങ്ങി വീടിനോടു ചേർന്നുള്ള അഞ്ചു കിലോമീറ്റർ  ദൂരം വിതരണം നടത്തുന്നത്. മറ്റ് സ്ഥലങ്ങളിലേക്ക് പത്രവിതരണത്തിനായി യാക്കൂബും പുറപ്പെടും.   ഒരു വർഷം മുമ്പ്‌ ബൈക്കപകടത്തിൽ യാക്കൂബിന്റെ കൈ ഒടിഞ്ഞു. ഉപ്പ കിടപ്പിലായതോടെ ആദ്യം പകച്ചുപോയ കുട്ടികൾ നിശ്ചയദാർഢ്യത്തോടെ ഉപ്പയുടെ   ജോലി ഏറ്റെടുക്കുകയായിരുന്നു. പിന്നീട്‌  ദിനചര്യയായി മാറി. യാക്കൂബ് ആരോഗ്യം വീണ്ടെടുത്ത് ജോലി പുനരാരംഭിച്ചപ്പോഴും ചെറിയ രീതിയിൽ പത്രവിതരണം തുടരുകയാണ്  ഈ മിടുക്കികൾ.     പഠനത്തിലും മികവിന്റെ പ്രതീകങ്ങളാണ്.എസ്എസ്എൽസി ക്ക്  ഫുൾ എ പ്ലസ് കരസ്ഥമാക്കിയ റിസ്വാന വടക്കാഞ്ചേരി ഗവ.  ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ്. ഫർസാന ക്ളേലിയ ബാർബേറി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. അതിരാവിലെയുള്ള പത്രവിതരണം പൂർത്തിയാക്കി തിരികെയെത്തിയാൽ പിന്നെ ഓൺലൈൻ ക്ലാസുകളും മറ്റുമായി പഠന കാര്യങ്ങളിൽ സജീവമാകും ഇരുവരും.   Read on deshabhimani.com

Related News