പുല്ലഴി ഇന്ന്‌ പോളിങ്‌ ബൂത്തിലേക്ക്‌



തൃശൂർ പുല്ലഴി വ്യാഴാഴ്‌ച പോളിങ്‌ ബൂത്തിലേക്ക്‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി അഡ്വ. എം കെ മുകുന്ദന്റെ നിര്യാണത്തെത്തുടർന്നാണ്‌ കോർപറേഷൻ 47–-ാം ഡിവിഷനായ പുല്ലഴിയിൽ തെരഞ്ഞെടുപ്പ്‌ മാറ്റിയത്‌. മൂന്ന്‌ പോളിങ്‌ ബൂത്തുകളിലായി 4533 വോട്ടാർമാരാണുള്ളത്‌. ഇതിൽ 2101 പുരുഷന്മാരും 2432 സ്‌ത്രീകളുമാണ്‌‌. പുല്ലഴി ലിറ്റിൽ ഫ്ലവർ കോൺവെന്റ്‌ ഗേൾസ്‌ ഹൈസ്‌കൂളിലാണ്‌ മൂന്ന്‌ പോളിങ്‌ ബൂത്തുകളും. രാവിലെ ഏഴുമുതൽ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. 2015ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ രജനി വിജുവാണ്‌ ഇവിടെ വിജയിച്ചത്‌. വിജയം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്‌ എൽഡിഎഫ്‌. കോർപറേഷൻ കഴിഞ്ഞ ഭരണകാലത്ത്‌ നടത്തിയ വികസന പ്രവർത്തനങ്ങൾ വിജയക്കുതിപ്പിന്‌ പിൻബലമേകുന്നു. ഇത്തവണ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. മഠത്തിൽ രാമൻകുട്ടിയാണ്‌ മത്സരിക്കുന്നത്‌.    അഞ്ചുവർഷത്തിനിടെ അഞ്ചുകോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ്‌ ഡിവിഷനിൽ നേരിട്ട്‌ നടപ്പാക്കിയത്‌. ഇതുകൂടാതെ നിരവധി പൊതുവികസന–--ക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക്‌ എത്തിക്കാനായതും എൽഡിഎഫ്‌ വിജയത്തിന്‌ കരുത്താകുന്നു. കോവിഡ്‌ ബാധിതർക്ക്‌ പോസ്റ്റൽ വോട്ടും പോളിങ്‌ ബൂത്തിൽ വൈകിട്ട്‌ അഞ്ചുമുതൽ ആറുവരെ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. യുഡിഎഫ്‌ സ്ഥാനാർഥി കോൺഗ്രസിലെ കെ രാമനാഥനും എൻഡിഎ സ്ഥാനാർഥി‌ ബിജെപിയിലെ സന്തോഷ് പുല്ലഴിയുമുൾപ്പെടെ ആറ്‌ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്‌. വെള്ളിയാഴ്‌ചയാണ്‌ വോട്ടെണ്ണൽ.കോർപറേഷനിൽ എൽഡിഎഫാണ്‌‌ ഭരണം നടത്തുന്നത്‌. Read on deshabhimani.com

Related News