മുള മുരളിയാകുന്നിടം

പുല്ലാങ്കുഴൽ ഉണ്ടാക്കുന്ന കുന്നംകുളം സ്വദേശി ശിവദാസൻ


കുന്നംകുളം  ഒന്നാതരം ഓടക്കുഴലുകൾ കിട്ടാൻ പ്രയാസം നേരിട്ടപ്പോൾ തെക്കേപ്പുറം സ്വദേശി ശിവദാസൻ എന്ന കലാകാരൻ സ്വന്തമായി ഓടക്കുഴൽ ഉണ്ടാക്കുക തന്നെ ചെയ്തു.  സ്വന്തമായി നിർമിച്ച പുല്ലാങ്കുഴലിൽ കച്ചേരി നടത്തുന്നവർ ഈ രംഗത്ത് അപൂർവം. 45 വർഷമായി പുല്ലാങ്കുഴൽ കലാകാരനാണെങ്കിലും കുന്നംകുളം തെക്കേപ്പുറത്ത് ശിവദാസൻ (64)  20 വർഷം മുമ്പാണ് ഓടക്കുഴൽ നിർമാണം തുടങ്ങിയത്.നിലമ്പൂർ കാടുകളിൽ വളരുന്ന മുളന്തണ്ടുകളെ രാജ്യം മുഴുവൻ സുഖം പകരുന്ന മുരളിയാക്കി ശിവദാസൻ മാറ്റിയതങ്ങനെയാണ്. 2002ൽ ശിവദാസൻ പുല്ലാങ്കുഴൽ നിർമാണം തുടങ്ങി. നിലമ്പൂർ കാട്ടിലെ മുളന്തണ്ടുകളോളം ശബ്ദമാധുര്യം നൽകുന്ന മറ്റൊന്ന് വേറെയില്ലെന്നു ബോധ്യപ്പെട്ടു. ഇതോടെ പ്രശസ്ത സംഗീതജ്ഞരടക്കം ശിവദാസന്റെ ഓടക്കുഴലുകൾ ഉപയോഗിച്ചു തുടങ്ങി.  ഇതിനിടെ ശിവദാസൻ പുല്ലാങ്കുഴൽ കച്ചേരികൾക്കൊപ്പം സംഗീത അധ്യാപകനായും സജീവമായി. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ വേദികളിൽ  അവസരം ലഭിച്ചു. ഒട്ടേറെ പുരസ്കാരങ്ങൾ തേടിയെത്തി. ഇന്ത്യയിലെ വിവിധ തരം ഈറ്റകളെക്കുറിച്ചു കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഗവേഷണം നടത്തി. കുന്നംകുളത്തെ സംഗീത വിദ്യാലയമായ ചിത്രാംബരിയുടെ സ്ഥാപകൻ കൂടിയായ ശിവദാസിന് പുല്ലാങ്കുഴലിലും വായ്‌പാട്ടിലും വലിയ ശിഷ്യ സമ്പത്തുണ്ട്.40 വർഷമായി സിപിഐ എം തെക്കേപ്പുറം ബ്രാഞ്ചംഗമാണ്. ഭാര്യ: ഉഷ. മക്കൾ: ശ്രീലക്ഷ്മി, ശ്രീരാഗ്. Read on deshabhimani.com

Related News