ആളുവേണ്ട
ചടങ്ങുമതി



തൃശൂർ  ഈ വർഷവും തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി ചുരുക്കും. പൂരപ്പറമ്പിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകർക്ക് മാത്രമാണ് അനുമതി. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം. മാനദണ്ഡം പാലിച്ച്‌ പൂരം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ്‌ രൂക്ഷമായ സാഹചര്യത്തിലാണ്‌ പുതിയ തീരുമാനം. കൊവിഡ്‌ വ്യാപനം രൂക്ഷമായിട്ടും  പൂരാഘോഷം നടത്തുന്നതിനെതിരെ വിവിധമേഖലകളിൽ നിന്ന്‌ എതിർപ്പുണ്ടായിരുന്നു. കർശന നിയന്ത്രണം വേണമെന്ന്‌ പൊലീസ്‌ അടക്കം ആവശ്യപ്പെട്ടിരുന്നു.  പ്രധാന വെടിക്കെട്ട്‌ നിയന്ത്രണങ്ങളോടെ നടത്തും. സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴിമിന്നിക്ക്‌‌ മാത്രമാണ്‌ അനുമതി. 24ന്‌ നടക്കുന്ന പകൽപ്പൂരം പൂർണമായും ഒഴിവാക്കി. ഘടകപൂരങ്ങളും മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും നടത്താം‌. ചമയപ്രദർശനം ഉണ്ടാവില്ല. കുടമാറ്റത്തിന്റെ സമയവും വെട്ടിക്കുറയ്‌ക്കും. പൂരപ്പറമ് പിൽ പ്രവേശിക്കുന്നവർക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റോ രണ്ട്‌ ഡോസ്‌ വാക്‌സിനോ നിർബന്ധമാണ്‌. കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, കമീഷ‌ണർ എന്നിവർക്കാണ്‌ പൂരം നടത്തിപ്പു ചുമതല.  തീരുമാനം പാറമേക്കാവ്‌, തിരുവമ്പാടി ദേവസ്വം ബോർഡുകൾ അംഗീകരിച്ചു. ജില്ലയിലെ കോവിഡ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 21.97 ആയി ഉയർന്നതും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തോട്‌ അടുത്തതുമാണ്‌ പൂരം ചടങ്ങുമാത്രമായി നടത്താനുള്ള തീരുമാനത്തിലെത്തിച്ചത്‌.   Read on deshabhimani.com

Related News