ജയിൽവളപ്പിൽ വിളഞ്ഞു കായ‘ക്കൊമ്പൻ’

വിയ്യൂരിലെ ജയിൽ വളപ്പിൽ വിളവെടുത്ത നേന്ത്രക്കുല


തൃശൂർ മുപ്പത്തേഴ്‌ കായ ..., ഓരോന്നിനും അര കിലോഗ്രാമിലധികം തൂക്കം. ഇങ്ങനെ മൂന്ന് പടല മാത്രമുള്ള കുലയുടെ തൂക്കം 18 കിലോയിലധികം. വിയ്യൂരിലെ ജില്ലാ ജയിൽ വളപ്പിലെ കൃഷിത്തോട്ടത്തിൽ വിളഞ്ഞ ആനക്കൊമ്പൻ എന്ന നേന്ത്രനാണ് ഈ ‘കുല'ക്കൊമ്പൻ. കൃഷിയിടത്തിലെ ആനക്കൊമ്പന്മാരെല്ലാം വിളഞ്ഞു. ‘സാൻസിബാർ' ഇനത്തിൽപ്പെട്ടതാണ് ഈ വാഴ. ജയിലിലെ വാഴത്തോട്ടത്തിൽ 20 വാഴകളാണ് ഈ ഇനത്തിലുള്ളത്. ഒരേക്കറിലധികമാണ് ജില്ലാ ജയിലിലെ കൃഷിത്തോട്ടം. കപ്പ, ചേന, ചേമ്പ്, വാഴ, ചീര, മഞ്ഞൾ, ഇഞ്ചി, വിവിധ ഇനത്തിലുള്ള മുളകുകൾ എന്നിവയും ജയിലിലെ കൃഷിത്തോട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്. രാസ വളങ്ങൾ ഉപയോഗിക്കാതെ ജൈവ കൃഷിയാണ് ജയിലിലേത്. മാസത്തിൽ 15,000 രൂപയുടെ പച്ചക്കറി ജയിൽ വളപ്പിലെ കൃഷിയിടത്തിൽ നിന്നും ഉൽപ്പാദിപ്പിച്ചാണ് ജയിൽ കാന്റീനിലേക്ക് നൽകുന്നത്. ജയിൽ ഭക്ഷണത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം പ്രാതലിന് റവ ഉപ്പുമാവും പഴവുമാണ്. ഇപ്പോൾ വിളവെടുത്ത ആനക്കൊമ്പനും ഈ ആഴ്ചയിലെ പ്രാതലിനൊപ്പം അന്തേവാസികൾക്കുള്ളതാണ്. ഇത് കൂടാതെ ഓഫീസിന് മുന്നിൽ മുന്തിരിപ്പന്തലും താമരക്കുളവുമുണ്ട്. ഉടൻ തന്നെ ഔഷധോദ്യാനവും ശലഭോദ്യാനവും സജ്ജമാവും. സെൻട്രൽ ജയിലിൽ കൃഷി വേറെയുണ്ട്. Read on deshabhimani.com

Related News