കുതിരാൻ: ഹൈക്കോടതി ഇടപെടണമെന്ന്‌ ഹർജി



തൃശൂർ മണ്ണുത്തി - വടക്കുഞ്ചേരി ദേശിയപാത നിർമാണത്തിലെ അപാകത്തെക്കുറിച്ചും കുതിരാനിലെ അശാസ്ത്രീയ ടണൽ നിർമാണംമൂലം നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും കോടതി മേൽനോട്ടത്തിൽ  അടിയന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎൽഎയും ഗവ.ചീഫ് വിപ്പുമായ കെ രാജൻ ഹൈക്കോടതിയെ സമീപിച്ചു. അടിയന്തരമായി പണി പൂർത്തീകരിക്കാൻ കോടതി മേൽനോട്ടത്തിൽ റിസീവറെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. യാത്രദുരിതം തീർക്കുന്ന കുതിരാനിലെ സാഹചര്യം കണക്കിലെടുത്ത് ഒരു  തുരങ്കമെങ്കിലും പണി പൂർത്തീകരിച്ച് തുറന്ന് കൊടുക്കണം.   ഇക്കാര്യത്തിൽ  ദേശീയപാത അധികൃതരോട്‌  തീരുമാനമറിയിക്കാനും  അഭിഭാഷക കമീഷനെ നിയോഗിച്ച് സ്ഥലം സന്ദർശിച്ച് ന്യൂനതകളും അപാകവും  ബുദ്ധിമുട്ടുകളും റിപ്പോർട്ട് ചെയ്യാനും നടപടിവേണം.  കരാർ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയേയും അഴിമതിയേയും കുറിച്ച് റിപ്പോർട്ട് തേടണം.  കോടതി മേൽനോട്ടത്തിൽ പണി അടിയന്തരമായി പൂർത്തീകരിക്കണം.   ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി ആശ ഈ വിഷയങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ അടിയന്തര വിശദീകരണം തേടി .കുതിരാനിൽ ദിനംപ്രതി വാഹാനാപകടങ്ങൾ തുടരുന്നതും മറ്റും കോടതി ഗൗരവപരമായി പരാമർശിച്ചു. കേസ്  തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാരനുവേണ്ടി  അഡ്വ. എം കൃഷ്ണനുണ്ണി, അഡ്വ. എം ആർ ധനിൽ എന്നിവർ ഹാജരായി. ദേശീയപാത  പണി പൂർത്തീകരിച്ചശേഷം ടോൾപിരിക്കാമെന്നാണ്‌ ബിഒടി കരാർ.    കരാർ കമ്പനിയുടെ സാമ്പത്തിക പ്രശ്‌നമാണ്‌ പണി പൂർത്തീകരിക്കാനാവാത്തത്‌  എന്നാണ്‌ ദേശീയ പാത അതോറിറ്റി അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്‌ മന്ത്രിയും നിരന്തരം ഇടപെട്ടിട്ടും പണി പൂർത്തിയാക്കുന്നില്ല. Read on deshabhimani.com

Related News